തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് സ്പീക്കർ എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിനെതിരെ ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ദേവസ്വം ബോർഡുകൾ അങ്കലാപ്പിൽ. ഷംസീറും സിപിഎമ്മും വിശ്വാസികൾക്കെതിരാണെന്ന് പൊതു അഭിപ്രായം രൂപപ്പെട്ടതാണ് ദേവസ്വം ബോർഡുകളെ ഭയപ്പാടിലാക്കുന്നത്. ഹൈന്ദവ സംഘടനകൾ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതും ബോർഡിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഹിന്ദു ഐക്യവേദി ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ് ശബരിമല സ്ത്രീ പ്രവേശനവുമായി വിഷയത്തിൽ ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വൻ കുറവാണ് വന്നത്. അതുപൊലെ മിത്ത് വിവാദവും സമാന അവസ്ഥയിലേക്ക് നയിക്കുമോ എന്ന സംശയം ദേവസ്വം ജീവനക്കാർ തന്നെ രഹസ്യമായി പങ്കുവെക്കുന്നുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിന്റെ കാണിക്ക വരുമാനത്തിലടക്കം വൻ ഇടിവാണ് സംഭവിച്ചത്.
കാണിക്ക വഞ്ചികളിൽ ഭക്തർ സമർപ്പിക്കുന്ന പണമാണ് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം. കൂടാതെ വഴിപാടായി എത്തുന്ന തുകയും വരുമാന സ്രോതസ്സാണ്. ഈ പണം ഉപയോഗിച്ചാണ് ജീവനക്കാരുടെ ശമ്പളമടക്കം നൽകുന്നത്. വിശ്വാസം മിത്താണെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗമായ സ്പീക്കർക്കുള്ളത് പിന്നെ കാണിക്കയുടെ ആവശ്യമെന്തെന്ന ചോദ്യമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടൻ സലീം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പും വ്യപകമായി ചർച്ചയാകുന്നുണ്ട്. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരങ്ങളിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു നടൻ സലീം കുമാറിന്റെ പരാമർശം.
Comments