തിരുവനന്തപുരം: വിശ്വാസം വേറെ ശാസ്ത്രം വേറെ എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെവിടെയും പാഠപുസ്തകങ്ങളിൽ സിപിഎം ആരോപിക്കുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലിയെന്നും സുരേന്ദ്രൻ ചോദിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.
‘ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും എ.എൻ ഷംസീർ പരാമർശിച്ചത് പോലുള്ള പാഠ്യപദ്ധതിയില്ല. പുഷ്പക വിമാനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നില്ല. ഗണപതിയുടേത് ആദ്യ പ്ലാസ്റ്റിക് സർജറി ആണെന്ന് ഒരു പാഠ്യപദ്ധതിയിലും ആരും പഠിപ്പിക്കുന്നില്ല. പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനമെന്ന് എവിടെയും പഠിപ്പിക്കുന്നില്ല. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുക്കളാണ് കൗരവരെന്നും ആരും പഠിപ്പിക്കുന്നില്ല. ഇന്ത്യയിൽ എല്ലായിടത്തും ബിജെപി സർക്കാർ വന്നതിന് ശേഷം പാഠ്യപദ്ധതിയിൽ അന്തവിശ്വാസങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് പറയുന്നു. എന്നാൽ ഇല്ലാത്ത കാര്യം ഉള്ളതായി ചിത്രീകരിച്ചു. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നതാണോ സ്പീക്കറുടെ ജോലി. ഷംസീറിനെയും ഗോവിന്ദനെയും വെല്ലുവിളിയ്ക്കുകയാണ്. ഇന്ത്യയിൽ ഏത് പാഠ്യപദ്ധതിയിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നത്. വിശ്വാസം വേറെ ശാസ്ത്രം വെറെ എന്നുള്ള നിലപാടാണ് കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമുള്ളത്. ഒരിടത്തും വിദ്യാർത്ഥികൾക്കിടയിൽ ഇത്തരത്തിലുള്ള യാതൊന്നും പഠിപ്പിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഷംസീർ കള്ളപ്രചരണം നടത്താൻ വേണ്ടിയാണ് ഹിന്ദുവിശ്വാസത്തിന്റെ പ്രതീകമായ ഗണപതിയെ അധിക്ഷേപിച്ചത്. ഗുരുതര കുറ്റമാണിത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. കേസെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല പരമാർശത്തിൽ അൽപ്പം പോലും ഖേദമില്ല എന്നാണ് ഷംസീർ പറയുന്നത്. മാപ്പുമില്ല, തിരുത്തുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഷംസീർ പറഞ്ഞത് ശരിയാണോ തെറ്റാണോയെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടാണ്? എം.വി ഗോവിന്ദന്റെ വാക്കുകൾ വസ്തുതയ്ക്ക് നിരക്കാത്തതാണ്. ചിലതൊക്കെ മിത്തും ചിലതൊക്കെ സത്യവുമെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഗോവിന്ദന്റെ ഏകദൈവ വിശ്വാസ പരമാർശവും പരസ്യമായിട്ടുള്ള ഹിന്ദു ആക്ഷേപമാണ്. അള്ളാഹുവിനെ ഏകദൈവ വിശ്വാസത്തിലാണ് കാണുന്നതെന്ന് പറയുമ്പോൾ ബഹുദൈവ വിശ്വാസികൾ അപരിഷ്കൃതരും അന്തവിശ്വാസികളുമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
Comments