രാമൻ ജീവിച്ചിരുന്ന കാലത്ത് (ത്രേതായുഗമെന്ന് ഭാരതീയ സങ്കല്പം) ജീവിച്ചിരുന്ന താപസ ശ്രേഷ്ഠനായിരുന്നു വാൽമീകി. ആദി കവിയെന്ന് ലോകം അംഗീകരിച്ച മഹാത്മാവ്. അതിലെ കഥകൾ വായിച്ചാൽ അക്കാലത്തെ ജീവിതരീതികളും, സാമൂഹ്യ മര്യാദകളും മനസ്സിലാക്കാൻ ഉപകരിക്കും.
മൂല രാമായണത്തിലെ ആരണ്യകാണ്ഡം 14 മുതൽ 15 വരെ സർഗ്ഗങ്ങളിൽ മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങൾ വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങളാണ് പരാമർശിച്ചിരിക്കുന്നത്.
വിനാശകാലേ വിപരീത ബുദ്ധി എന്ന പഴം ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം എഴുത്തച്ഛൻ പറയുന്നത് “ആപത്തുവന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്ലടോ സജ്ജന ഭാഷിതം” എന്നാണ്.
സീതയുടെ സൗന്ദര്യത്തെപ്പറ്റി തന്റെ ഭഗിനിയിൽ നിന്നും കേട്ടറിഞ്ഞു മനം മയങ്ങിയ ലങ്കേശ്വരൻ രാമലക്ഷ്മണന്മാരുടെ പരാക്രമത്തെപ്പറ്റി തികഞ്ഞ ബോധമുള്ളതിനാൽ തന്റെ വക്ര ബുദ്ധിയിൽ തെളിഞ്ഞ ഉപായവുമായി മാരീചൻ എന്ന രാക്ഷസനെ സമീപിച്ച് തന്റെ മനോഗതം അറിയിക്കുന്നു. രാമ ലക്ഷ്മണന്മാരെ സീതയുടെ സമീപത്തു നിന്നും അകറ്റാനുള്ള ഉപായമായി മാരീചനെ കരുവാക്കുകയാണ് ലക്ഷ്യം. പൊന്മാനായി വേഷം മാറിച്ചെന്ന് ആ പുരുഷ കേസരികളെ സീതയിൽ നിന്നകറ്റുക എന്ന തന്ത്രമാണ് രാവണൻ മാരീചനെ ഏല്പിക്കുവാൻ ശ്രമിക്കുന്നത്.
എന്നാൽ രാമന്റെ കര ബലത്തെയും ആയുധ പ്രയോഗ സാമർത്ഥ്യത്തെയും പറ്റി തികഞ്ഞ ബോധമുള്ളയാളാണ് മാരീചൻ. രാമബാണത്തിൽ നിന്നും രക്ഷപ്പെട്ട അനുഭവ സമ്പത്തോടെ രാവണനെ പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മാരീചന്റെ ഉപദേശം രാവണനെ ക്രുദ്ധനാക്കുകയും തന്റെ വാക്കനുസരിക്കാത്ത പക്ഷം വധിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
എന്നിട്ടും രാവണനെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം കൂടി നടത്തിയ മാരീചൻ രാവണപ്രഭൃതിക്കു മുന്നിൽ കീഴടങ്ങുമ്പോൾ ചിന്തിക്കുന്നത് ഇവന്റെ വാൾക്കൂണാകുന്നതിനേക്കാളുത്തമം രാമബാണമേറ്റ് മരിക്കുന്നതാണെന്നാണ്. രാക്ഷസ കുലത്തിന്റെ സർവ്വനാശത്തിനു കാരണമാകുന്ന പ്രവൃത്തിയാണെന്നറിഞ്ഞു കൊണ്ട് മാരീചൻ തയ്യാറാകുന്നു.
തന്റെ വിമാന തുല്യമായ രഥത്തിലേറ്റി മാരീചനെ ദണ്ഡകാരണ്യത്തിലെത്തിച്ചെന്നാണ് രാമായണം പറയുന്നത്. (അക്കാലത്ത് വിമാനമുണ്ടായിരുന്നോ എന്നതല്ല, വിമാനം പോലെ ഒരു വാഹനത്തെപ്പറ്റി ചിന്തിക്കാൻ പറ്റിയ ബുദ്ധിയും ഭാവനയുമുള്ള ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു എന്നതു തന്നെ വലിയ കാര്യമാണ്.)
അതിമാനുഷർ ആയിരിക്കണം രാക്ഷസർ. അതിനാലാകാം രൂപം മാറാനും മറ്റും സാധിച്ചിട്ടുണ്ടാവുക. ഏതായാലും അതി മനോഹരമായ ഒരു മാൻ രാമന്റെ ഉടജാങ്കണത്തിലെത്തി സീതയെ മാത്രമല്ല രാമലക്ഷ്മണന്മാരെയും മോഹിപ്പിക്കുന്നു.
(മറഞ്ഞിരുന്ന രാവണൻ പോലും മാരീചന്റെ മാൻവേഷത്തിൽ അത്ഭുതപ്പെട്ടത്രേ.) അപ്പോഴും ഇത് മാരീചനാണോ എന്ന സംശയമുന്നയിക്കാൻ ലക്ഷ്മണൻ മടിയ്‌ക്കുന്നില്ല. എന്നാൽ കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് തന്നോടൊപ്പം കൂടിയ സീതയെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിനിടയിൽ അതെല്ലാം ശ്രീരാമൻ അത് തള്ളിക്കളയുന്നു. പിടിക്കാൻ സാധിച്ചാൽ ഇണക്കി വളർത്താമെന്നും അയോദ്ധ്യയിലേക്ക് മടങ്ങി പോകുമ്പോൾ കൂടെ കൊണ്ടു പോകാമെന്നും പറയുന്ന സീത തന്നെ, മാനിനെ പിടിക്കാനായില്ലെങ്കിൽ അതിനെ വധിച്ച് തുകലെങ്കിലും എടുക്കാമെന്നും പറയുന്ന സാധാരണ വീട്ടമ്മയായി മാറുന്നു.
മാനിനു പിന്നാലെ പായും മുമ്പ് സീതയെ കാത്തുരക്ഷിക്കാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തുവാൻ രാമൻ മറക്കുന്നില്ല. പിടികൊടുക്കാതെ മോഹിപ്പിച്ച് രാമനെ ആശ്രമ പരിസരത്തു നിന്നും അകലെയാക്കുന്നതിൽ വിജയിച്ചുവെങ്കിലും ലക്ഷ്മണൻ ആശ്രമത്തിലുണ്ടെന്നത് ഒരു തടസ്സമായിരുന്നു. രാമനോടുള്ള കളി അവസാനിപ്പിച്ച് പാഞ്ഞു തുടങ്ങിയ മാനിനു നേരേ രാമൻ ശരം തൊടുത്തതോടെ മാരീചന്റെ അന്ത്യമായി. മരണ വക്ത്രത്തിൽ പെട്ടിട്ടും പെട്ടെന്നുണർന്ന രാക്ഷസ ബുദ്ധിയിൽ രാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെ വിളിച്ചു കരയുന്ന മാരീചന്റെ യജമാന ഭക്തി നമുക്ക് അത്ഭുതമുണ്ടാക്കും.
രാമൻ്റേതെന്നു തോന്നിക്കുന്ന ആർത്തനാദം കേട്ടിട്ടും ലക്ഷ്മണനേതും കുലുക്കമുണ്ടായില്ല. എന്നാൽ ഭയചകിതയായ സീത ലക്ഷ്മണനോട് രാമനെ രക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. തന്റെ ജ്യേഷ്ഠന് അപകടമുണ്ടാകില്ലെന്നും ആർത്തനാദം പുറപ്പെടുവിക്കില്ലെന്നും ലക്ഷ്മണന് ഉറപ്പുണ്ട്. സീതയുടെ അപേക്ഷ കേട്ടിട്ടും കുലുക്കമില്ലാതെയിരിക്കുന്ന തന്റെ അനുജനെ ഭർത്സിക്കുന്ന സീതയെയാണ് നാം പിന്നീട് കാണുന്നത്. കഴിഞ്ഞ ദിവസത്തെ എഴുത്തിൽ നയകോവിദയായി രാമനെപ്പോലും ഉപദേശിക്കുന്ന സീതയെപ്പറ്റി പറഞ്ഞിരുന്നു. അതേ സീതയാണ് കുലടയായ ഒരു സ്ത്രീയെപ്പോലെ ലക്ഷ്മണനു നേരേ വാക്ശരങ്ങൾ പ്രയോഗിക്കുന്നത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. ഭരതന്റെ നിർദ്ദേശപ്രകാരം രാമനെ അപകടപ്പെടുത്താൻ എത്തിയിരിക്കുന്ന കശ്മലനായും രാമൻ നിര്യാണപ്പെട്ടാൽ തന്നെ വേൾക്കാമെന്ന അതിമോഹമാണ് രാമനെ അന്വേഷിച്ചു പോകാതിരിക്കാൻ കാരണമെന്നും പറയുന്ന സീത നമുക്കന്യയാണ്.
കർണ്ണ ശൂലാഭമായ വാക്കുകൾ കേട്ട ലക്ഷ്മണനാകട്ടെ താൻ മനസ്സിൽ ചിന്തിക്കാത്ത കാര്യം കേട്ട് അസ്ത പ്രജ്ഞനായിപ്പോയി. (നമ്മളും ഇത്തരം പ്രതിസന്ധികളിൽപ്പെടാമെന്നു കൂടി രാമായണം ഓർമ്മിപ്പിക്കുന്നു.)
സ്വയം ശപിച്ചു കൊണ്ടും സീതയെ ശപിച്ചും കൊണ്ടും ബാണ തൂണിരചാപങ്ങളേന്തി രാമനെ തെരഞ്ഞു പോകും മുമ്പ് സീതയെ വനദേവതകളെ ഭരമേല്പിക്കുന്നു.
ഇവിടെ ലക്ഷ്മണൻ ഒരു വരവരച്ചെന്നും ഇതു കടക്കരുതെന്നും സീതയോട് പറഞ്ഞതായി ആദ്ധ്യാത്മരാമായണം പറയുന്നു. എന്നാൽ മൂലകഥയിൽ പറയാത്ത ഈ ‘വര’ ലക്ഷ്മണരേഖ എന്ന പേരിൽ പ്രസിദ്ധമായി. (ആ പേരിൽ, പല്ലിയേയും പാറ്റയേയും ഓടിക്കാൻ, ഒരു വിഷവസ്തു മാർക്കറ്റിൽ പോലും അറിയപ്പെട്ടു.)[മൂല കഥയിൽ ഇല്ലാത്ത പല കാര്യങ്ങളും പല രാമായണങ്ങളിലുമുണ്ട്. അതൊക്കെ എഴുത്തുകാരന്റെ ഭാവനയാണ്.]
രാമായണത്തിലെ ഈ ഭാഗത്തെ സംഭവങ്ങളാണ് രാമായണ കഥയെ മുമ്പോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. രാവണന്റെ പരസ്ത്രീ മോഹവും, സീതയുടെ ഇഷ്ട വസ്തുവിനോടുള്ള കമ്പവും, തന്റെ പ്രാണപ്രിയന് അപകടമുണ്ടായെന്നു തോന്നിയാൽ എന്തും പറയാൻ മടിക്കാത്ത സ്ത്രീ സഹജമായ സ്വഭാവവും ആദികവി ഭംഗിയായി അവതരിപ്പിക്കുന്നു.
കർമ്മഫലം അനുഭവിക്കേണ്ട സമയത്ത് വേണ്ടാത്തതൊക്കെ തോന്നുമെന്നത് നമുക്കും ഫലമാണല്ലോ. മാനിനെപ്പറ്റി ലക്ഷ്മണന്റെ സംശയം പോലും ചെവിക്കൊള്ളാത്ത രാമനും കർമ്മത്തിന്റെ പിടിയിൽ നിന്നും മോചിതനല്ലെന്നു കൂടിയാകാം കവി ഉദ്ദേശിക്കുന്നത്. ഈ കഥയിലെല്ലാം ത്രേതായുഗത്തിലെ മനുഷ്യനും കലിയുഗത്തിലെ മനുഷ്യനും ഒരു പോലെയാണല്ലോ ചിന്തിക്കുന്നതും പ്രവൃത്തിക്കുന്നതെന്നുമുള്ള ബോദ്ധ്യമാണ് ഉണ്ടാകേണ്ടത്. മാരീചന് നല്ലതു തോന്നിയാലും രാവണന്മാർ കാരണം നാശമുണ്ടാകും. വായിക്കുന്തോറും വായിക്കുന്തോറും അറിവു നൽകുന്ന രാമായണം നിത്യപാരായണം ചെയ്യാവുന്നതാണ്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments