തിരുവനന്തപുരം: വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പച്ചയായ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ആദ്യം മുതലേ പരിശ്രമിക്കുന്ന നേതാവാണ് റിയാസ്. ഹിന്ദു വിശ്വാസങ്ങളെ അട്ടിമറിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ട് ബാങ്ക് ഒരു പെട്ടിയിലേക്ക് എത്തിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിഭാഗത്തെ ആക്ഷേപിച്ച് ഒരു വിഭാഗത്തെ സന്തോഷിപ്പിക്കുകയാണ് സിപിഎം. പിണറായി സർക്കാരിനെ ഇനി പിടിച്ചുനിർത്താൻ വർഗീയ ധ്രുവീകരണം മാത്രമേ സഹായകമാകൂ എന്ന് കണ്ടാണ് ഈ പ്രവൃത്തി. കേരളത്തിലെ സമാധാനം നശിപ്പിച്ച് വോട്ട് നേടാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മെഗാഫോൺ ആണ് മുഹമ്മദ് റിയാസ്. കാരണം മുഖ്യമന്ത്രിയുടെ മനസ്സിലുള്ളതാണ് മുഹമ്മദ് റിയാസ് പുറത്തു പറയുന്നത്. സംസ്ഥാനത്ത് ഇത്രമാത്രം പ്രക്ഷോഭം സൃഷ്ടിച്ച വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ നിലപാട് അറിയാനാണ് കേരളം കാത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചാണ് മന്ത്രി റിയാസ് രംഗത്തെത്തിയത്. സ്പീക്കർ ഒരു മതവിശ്വാസത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പാർട്ടി സെക്രട്ടറി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ നാമം നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെട്ടിപിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് കൂട്ടിയടിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി പദവിയിലിരുന്നു കൊണ്ട് റിയാസ് ചെയ്യുന്നത്.
















Comments