കൊച്ചി: കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത ഐഎസ് ഭീകരക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭീകാരാക്രമണ പദ്ധതികൾ പി എഫ് ഐ നിരോധനത്തിന് പ്രതികാരമാണെന്ന് അറസ്റ്റിലായ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി. ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഭീകര പ്രവർത്തനം നടത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എൻഐഎ-യുടെ ചോദ്യം ചെയ്യലിൽ ഭീകരവാദികൾ വെളിപ്പെടുത്തി.
ബെംഗളൂരു സ്‌ഫോടന പദ്ധതിക്ക് സമാനമായ ആസൂത്രണമാണ് കേരളത്തിലും നടന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരരാണ് കേരളത്തിലെ ഐ എസിൽ പ്രവർത്തിച്ചിരുന്നത്. ഇവരാണ് പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടത്. പിഎഫ്‌ഐയെ നിരോധിച്ചതിലുളള പ്രതികാരമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യം വെച്ചത്. ജീവഹാനിയുണ്ടാക്കി ജനങ്ങളിൽ ഭീകരതയുണ്ടാക്കുകയും, പി എഫ് ഐ നിരോധനം ചർച്ചയാക്കാനുമുള്ള ആലോചനകളാണ് ഭീകരവാദികൾ നടത്തിയത്. ഇതിനായി കേരളത്തിലും, അയൽ സംസ്ഥാനങ്ങളിലും ആയുധപരിശീലനങ്ങളും, സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങളും ഭീകരർ നേടി.
തമിഴ്‌നാട്ടിലെ സത്യമംഗലം വനമേഖലയിൽ നിന്ന് ഐഎസ് ഭീകരവാദി ആഷിഫ് പിടിയിലായതോടെയാണ് ഭീകരരുടെ ആസൂത്രണങ്ങൾ പാളിയത്. അറസ്റ്റിലായവരും, നിരീക്ഷണത്തിലുള്ളവരുമെല്ലാം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മതഭീകര സംഘടനയുടെയും സജീവ പ്രവർത്തകരായിരുന്നു. ഐ എസ് കേസിൽ പിടിയിലാകാനുള്ള രണ്ടാം പ്രതി നബീൽ, കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖ് എന്നിവരിൽ നിന്ന് സുപ്രധാന വിവരങ്ങൾ ശേഖരിക്കാനാണ് എൻ ഐ എ യുടെ ശ്രമം.ഇതിനായി ഷിയാസ് സിദ്ദിഖിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നുണ്ട്.
















Comments