ജയ്പൂർ: സൗജന്യമെന്ന് കേട്ടാൽ ഓടിയെത്തുന്ന സ്വഭാവം മനുഷ്യ സഹജമാണ്. പ്രത്യേകിച്ചും നമുക്ക് ദിവസേന ആവശ്യമുള്ള വസ്തു ഒരു രൂപ ചിലവാക്കാതെ കിട്ടുമെന്നറിഞ്ഞാൽ അവിടേക്കെത്താൻ ഒരു മടിയും നാം കാണിക്കാറില്ല. സമാനമായ കാഴ്ചയാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്നും വരുന്നത്. ടാങ്കർ ലോറിയിൽ നിന്നും ചോരുകയായിരുന്ന കടുകെണ്ണയായിരുന്നു ആളുകളെ ആകർഷിച്ചത്.
രാജസ്ഥാനിലെ സിരോഹി ജില്ലയിലായിരുന്നു സംഭവം. ഇവിടെ കടുകെണ്ണ നിറച്ച് വരികയായിരുന്ന ടാങ്കർ ലോറിക്ക് അപകടം സംഭവിച്ചിരുന്നു. ലോറി മറിഞ്ഞതോടെ ടാങ്കിൽ നിറച്ചിരുന്ന കടുകെണ്ണ ചോരാൻ തുടങ്ങി. തുടർന്ന് നാട്ടുകാർ ഓടിക്കൂടി. പാത്രങ്ങളും കുപ്പികളുമായി എണ്ണ ശേഖരിക്കാനായിരുന്നു ഇവരെത്തിയത്. ഇതിനായി ആളുകൾ കാണിച്ച പരാക്രമം വൻ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.
ഗുജറാത്തിലെ ഗാന്ധിധാമിൽ നിന്നും മധ്യപ്രദേശിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. 100 ലിറ്റർ കടുകെണ്ണയാണ് ഇതിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. എണ്ണ ശേഖരിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പോലീസുകാർ സ്ഥലത്തെത്തിയാണ് പിരിച്ചുവിട്ടത്. അതേസമയം ഡ്രൈവറെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments