മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയിൽ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു. സിനിമ പ്രേക്ഷകരിലേക്ക് എത്തി പതിനെട്ട് വർഷം കഴിയുന്ന ഈ അവസരത്തിൽ ആരാധകരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്നും മലയാളികളുടെ പ്രിയങ്കരനായ നടൻ പക്രു (അജയൻ) വീണ്ടും നായകനായി എത്തുന്നുവെന്നുമുള്ള വിവരം സംവിധായകൻ വിനയൻ തന്നെ അറിയിച്ചിരിക്കുകയാണ്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്‌ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.
ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്. മാളകപ്പുറത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളൈയും അത്ഭുതദ്വീപിനായി എത്തുന്നുവെന്നതും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളൈയും എത്തിയിട്ടുണ്ട്. 18 വർഷം മുന്നേ അത്ഭുതദ്വീപ് തീയേറ്ററിൽ കണ്ടപ്പോൾ സ്വപ്നത്തിൽ കരുതിയില്ല ഈ ഒരു കാര്യമെന്നാണ് അഭിലാഷ് പിള്ളൈയുടെ പ്രതികരണം. 2024 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചന നൽകുന്നത്.
















Comments