ഐസ്വൾ: മിസോറാമിലെ മ്യാൻമർ അതിർത്തിയെ റെയിൽ മാർഗം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മ്യാൻമർ അതിർത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതൽ സൈരാംഗ് വരെയുള്ള 223 കിലോമീറ്റർ ദൈർഘ്യമുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്ക് (എഫ്എൽഎസ്) റെയിൽവേ ബോർഡ് അടുത്തിടെ അംഗീകാരം നൽകി.
മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ് റെയിൽവേ മന്ത്രാലയം പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) വ്യക്തമാക്കി. മ്യാൻമറിലെ സിറ്റ്വെ തുറമുഖം വഴി വടക്ക് കിഴക്കൻ ഭാഗത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും അതുവഴി ചെലവും സമയവും കുറയ്ക്കാനാകും.
നിലവിൽ 51.38 കിലോമീറ്റർ നീളമുള്ള ബ്രോഡ്-ഗേജ് റെയിൽവേ ലൈൻ പദ്ധതി ബൈരാബിക്കും സൈരാംഗിനും ഇടയിൽ പുരോഗമിക്കുകയാണ്. നിർദ്ദിഷ്ട പുതിയ ബ്രോഡ്-ഗേജ് ലൈൻ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയ്ക്കും ഇത് സഹായിക്കും.
Comments