തിരുവനന്തപുരം; ശ്രീകാര്യം ശ്രീകൃഷ്ണ നഗര്‍ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും 25,000 രൂപയും കവര്‍ന്ന കള്ളന്‍ ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് അതില്‍ നിന്നും പണം മോഷ്ടിച്ചു.
കൗണ്ടറിലുണ്ടായിരുന്ന മൊബൈല്‍ ഫോണും കള്ളന്‍ കൊണ്ടുപോയി. പുലര്‍ച്ചെ രണ്ടരയോടെ ക്ഷേത്രത്തില്‍ കടന്ന മോഷ്ടാവ് മുന്‍വശത്തുള്ള കാഷ് കൗണ്ടറിന്റെ ഡോര്‍ കമ്പി പാര കൊണ്ട് തകര്‍ത്താണ് അകത്ത് കടന്നത്. രാവിലെ ക്ഷേത്ര ഭാരവാഹികള്‍ കാഷ് കൗണ്ടര്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷണ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസി ക്യാമറയില്‍ പതിഞ്ഞെങ്കിലും മോഷ്ടാവ് തോര്‍ത്തു കൊണ്ട് മുഖവും നീണ്ട ഗൗണ്‍ കൊണ്ട് ശരീരവും മറച്ച നിലയിലായിരുന്നു. ശ്രീകാര്യം പോലീസ് വിരല്‍ അടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments