ടെഹ്‌റാൻ: ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ മാനസീകാരോഗ്യ കേന്ദ്രങ്ങളിലയച്ച് ഇറാൻ ഭരണകൂടം. കൂടാതെ ശിരോവസ്ത്രം ധരിക്കാത്തവരെ കൊണ്ട് ആശുപത്രികൾ മാനസികരോഗങ്ങൾക്കുള്ള മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച സ്ത്രീക്ക് മോർച്ചറിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യണമെന്ന വിചിത്ര ശിക്ഷകളും ഇറാൻ കോടതി വിധിക്കുന്നു.
ഇറാനിലെ നിയമസംവിധാനം ഇത്തരം ആവശ്യങ്ങൾക്കായി മാനസികരോഗ മരുന്ന് വിനിയോഗിക്കുകയാണെന്ന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും ഹിജാബ് വിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ അറിപത്തുയൊന്നുകാരിയായ ഇറാനിയൻ നടി അഫ്സനെ ബയേഗൻ ഹിജാബ് ധരിക്കാതെ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് നടിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് മതകാര്യ കോടതി വിധിച്ചത്. കൂടാതെ കുടുംബവിരുദ്ധ വ്യക്തിത്വ വൈകല്യ ചികിത്സയ്‌ക്കായി മാനസികാരോഗ്യ കേന്ദ്രത്തിൽ പറഞ്ഞയക്കുകും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ആദ്യത്തെ സിനിമാ-ടെലിവിഷൻ താരങ്ങളിൽ ഒരാളായിരുന്നു ബയേഗൻ, രാജ്യന്തര തലത്തിൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീയാണ്. ഹിജാബിന് പകരം തൊപ്പി ധരിച്ച ഇറാനിയൻ നടി അസദേ സമദിക്ക് ‘സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം’ ഉണ്ടെന്ന് ഇറാനിയൻ ജഡ്ജിമാർ കണ്ടെത്തിയിരുന്നു.
2022-ൽ ശരിയത്ത് നിയമപ്രകാരം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത 22 കാരി കൊല്ലപ്പെട്ടിരുന്നു. മഹ്‌സ അമിനിയെന്ന പെൺകുട്ടിയുടെ മരണശേഷം ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. അത് ഇസ്ലാമിനും ഭരണകൂടത്തിനും എതിരായ പ്രക്ഷോഭമായാണ് ഇത് കണക്കാക്കുന്നത്.
പൊതു സ്ഥലങ്ങളിൽ ക്യാമറകൾ അടക്കം സ്ഥാപിച്ച് ഹിജാബ് സ്ത്രീകളിൽ അടിച്ചേൽക്കുകയാണ് ഇപ്പോഴും ഇറാൻ ഭരണകൂടം.
















Comments