രാമ സവിധത്തിൽ സുഗ്രീവനെത്തുന്നതും രാമകാര്യാർത്ഥം സുഗ്രീവാജ്ഞയാൽ വലിയൊരു വാനര സൈന്യം വന്നു ചേരുന്നതും അവരെ ഒരു രാജാവിനു യോജിക്കും വിധം സീതാന്വേഷണത്തിന് വിന്യസിക്കുന്നതുമായ കാര്യങ്ങളാണ് കിഷ്കിന്ധാകാണ്ഡത്തിലെ തുടർന്നുള്ള ഏതാനും സർഗ്ഗങ്ങളിലെ പ്രതിപാദ്യം.വാനര സൈന്യത്തിന്റെ മുഴുവൻ ചുമതലയും സുഗ്രീവനു തന്നെയായിരിക്കുമെന്നും സീതയെവിടെയുണ്ടെന്നറിഞ്ഞാൽ പിന്നീടുള്ള കാര്യങ്ങൾ താൻ നിശ്ചയിക്കാമെന്നും കൂരമ്പുകളാൽ രാവണനിഗ്രഹം താൻ തന്നെ നിർവ്വഹിക്കുമെന്നും ആഹ്ലാദ ചിത്തനായ രാമൻ പറയുന്നു.
സീതയെ തെരയാൻ കിഴക്കൻ ദിക്കിലേക്ക് വിനതനെന്ന സേനാപതിയെ നിയോഗിക്കുന്നു. സീതയെ കൊണ്ടു പോയിരിക്കുന്നതെന്ന ഉറപ്പുള്ളതെക്കൻ ദിക്കിലേക്ക് ഏറ്റവും വിശ്വസ്തനായ മാരുതിയെത്തന്നെ നിശ്ചയിക്കുന്നു. താരാപിതാവായ സുഷേണനെ സാഷ്ടാംഗം നമസ്ക്കരിച്ച ശേഷം പടിഞ്ഞാറൻ ദിക്കിലേക്കും ശതബലി എന്ന വാനരശ്രേഷ്ഠനെ ഉത്തര ദിക്കിലേക്കും പറഞ്ഞു വിടുമ്പോൾ അവരെയെല്ലാം അനുയാത്ര ചെയ്യുവാൻ യോഗ്യരായ ചെറുസംഘങ്ങളെയും നിശ്ചയിച്ച് ബാക്കി കോടിക്കണക്കിനു വരുന്ന വാനര സൈന്യത്തെ അവിടെത്തന്നെ നിർത്തുന്നു. തെക്കു ദിക്കിലേക്ക് പോകുന്ന ഹനുമാൻ വശം രാമൻ അംഗുലീയം നൽകുക വഴി തന്റെ കാര്യം സാധിക്കാൻ യോഗ്യൻ അദ്ദേഹമാണെന്ന് ഉറപ്പാക്കിക്കുന്നു.
ഇവിടെയെല്ലാം സുഗ്രീവൻ കാണിക്കുന്ന നേതൃ സ്വഭാവം അനന്യമാണ്. വാനരന്മാർ പോകേണ്ട സ്ഥലങ്ങളെപ്പറ്റിയും അവിടെ കാണാൻ പോകുന്ന വിചിത്ര കാഴ്ചകളെപ്പറ്റിയും അവിടെ വസിക്കുന്ന വിചിത്ര ജനതയെപ്പറ്റിയുമൊക്കെ വാനരന്മാരോട് വിശദീകരിക്കുന്നതു കേട്ട രാമൻ ഈ അറിവുകൾ എങ്ങനെ ലഭിച്ചു എന്ന് സുഗ്രീവനോട് ചോദിക്കുന്നുണ്ട്. ജ്യേഷ്ഠനായ ബാലി തെറ്റിദ്ധാരണയുടെ പേരിൽ തന്നെ വധിക്കാനായി പിന്നാലെ കൂടിയപ്പോൾ ഓടിയും ഒളിച്ചും കഴിഞ്ഞ സ്ഥലങ്ങളാണിവയെന്ന് സുഗ്രീവൻ പറയുന്നു. ഹനുമാൻ പറഞ്ഞതനുസരിച്ച്, ബാലി കേറിയാൽ തല പൊട്ടിത്തെറിക്കുമെന്ന് ശാപം ലഭിച്ച ഋശ്യ മൂകാചലത്തിൽ എത്തിച്ചേർന്നതെന്നും സുഗ്രീവൻ പറയുന്നു.
സുഗ്രീവൻ വർണ്ണിക്കുന്ന സ്ഥലങ്ങളിൽ കേരളവുമുണ്ടെന്നത് രസകരമാണ്. എന്നു മാത്രമല്ല അതിൽ പറയുന്ന പഴയ പല സ്ഥലങ്ങളുടെയും പേരുകൾ ഇന്ന് അറിയില്ല. എന്തായാലും നാം ഇന്നു കാണുന്ന ലോകസംവിധാനമോ രാജ്യാതിർത്തികളോ ആയിരുന്നിരിക്കില്ല അന്നുണ്ടായിരുന്നത്.
ഉദാഹരണത്തിന് കൈലാസത്തെ പരാമർശിക്കുന്നുണ്ട്. ഇപ്പോൾ കൈലാസമാനസസരോവരം ടിബറ്റിലാണ്.ഭാരതത്തിലെ പൗരാണികർ കണക്കാക്കുന്ന ത്രേതായുഗ കാലത്തെ സ്ഥലവർണ്ണനയിലെങ്ങും ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ ഇല്ലെന്നതും ശ്രദ്ധേയമാണ്.
സമുദ്രം അതിർത്തിയായി പറയുമ്പോഴും ചില സ്ഥലങ്ങളിലേക്ക് പ്രവേശനം പാടില്ലെന്നും സുഗീവൻ പറയുന്നതിൽ നിന്ന് ഈരേഴു പതിന്നാലു ലോകമെന്ന, ഇന്നും ഗൂഢമായ, ചില ലോകങ്ങളെപ്പറ്റിയും കാനനവാസിയായ സുഗ്രീവനുപോലും അറിയാമായിരുന്നുവെന്നും വ്യക്തമാണ്. അങ്ങനെയെങ്കിൽ ഋഷി പരമ്പരയ്‌ക്ക് ഇതിലധികം അറിവുണ്ടായിരിക്കണമെന്നൂഹിക്കാം.
തെക്കു ദിക്കിലേക്ക് പോയ ഹനുമാനും സംഘവുമൊഴികെയുള്ള വാനരന്മാരെല്ലാം നിരാശരായി മടങ്ങിയെത്തി. രാമ സുഗ്രീവന്മാർ ഹനുമാനിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നതായി കിഷ്ക്കിന്ധാകാണ്ഡം 19-)o സർഗ്ഗത്തിൽ പറയുന്നു.
തുടർന്ന് ദക്ഷിണ ദിക്കിങ്കലേക്ക് യാത്രയായ വാനര സംഘം നേരിടുന്ന സംഘർഷങ്ങൾ വിവരിക്കുന്നു. ഏതൊരു മഹത്തായ കാര്യവും സാധിക്കുന്നതിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെത്തന്നെയാണ് ഹനുമാനടങ്ങിയ ഈ സംഘത്തിനും നേരിടേണ്ടി വരുന്നത്. വിശന്നുവലഞ്ഞ് ഭക്ഷണവും കുടിവെള്ളവും തേടി നടന്ന വാനരക്കൂട്ടത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ഒരു ഗുഹയിൽ നിന്ന് പുറത്തു വരുന്ന പക്ഷികളുടെ ചിറകിൽ നിന്ന് ജലകണങ്ങൾ ഇറ്റുവീഴുന്ന കാഴ്ച കണ്ട് അവർ അവിടേക്ക് പ്രവേശിക്കുന്നു. അത്ഭുതലോകത്തേക്ക് എത്തിച്ചേരുന്ന അവർ ധാരാളം ജലവും ഭക്ഷണവും കണ്ടിട്ടും വാനരസഹജമായ ആക്രാന്തം കാട്ടാതെ ഗുഹയുടെ അധിപതിയായ സ്വയംപ്രഭയെന്ന യുവതാപസിയെക്കണ്ട് അനുവാദം വാങ്ങി ഭക്ഷണപാനീയങ്ങൾ സ്വീകരിക്കുന്നു.
വാനരന്മാരുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കിയ ആ തപസ്വിനി തന്റെ മയ നിർമ്മിതമായ ഗുഹയെപ്പറ്റിയും തന്റെ കഥയും പറഞ്ഞു കൊടുക്കുന്നു. തുടർന്ന് വാനരക്കൂട്ടത്തെ സമുദ്രതീരത്തെത്തിക്കുന്നു. അത്ഭുതങ്ങളുടെ കലവറയായ ആ ഗുഹയിൽ നിന്നും പുറത്തു വന്നപ്പോഴേക്കും സുഗ്രീവൻ അനുവദിച്ച സമയം കഴിഞ്ഞതായി കാലാവസ്ഥയിലെ മാറ്റം കൊണ്ട് അവർ മനസ്സിലാക്കുന്നു. സീതാന്വേഷണം തുടരുന്നുവെങ്കിലും ഒരു തുമ്പും ലഭിക്കാത്തതിനാൽ അവരെല്ലാം ഹതാശയരായി. ഒരു മാസം കഴിഞ്ഞതിനാലും കല്ലേൽ പിളർക്കുന്ന സുഗ്രീവാജ്ഞയെപ്പറ്റി ബോധമുണ്ടാകയാലും പ്രതീക്ഷയറ്റ കപികുലത്തിൽ പല പല ചിന്തകളും ഉടലെടുക്കുന്നു. സുഗ്രീവ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ നേരത്തേ കണ്ട ഗുഹയിൽ പോയി ഒളിച്ചാലോ എന്ന അംഗദ നിർദ്ദേശത്തെ ഹനുമാൻ എതിർക്കുന്നു. എന്നാൽ പിന്നെ ദർഭ വിരിച്ച് കിടന്ന് ജീവൻ വെടിയുക എന്നതല്ലാതെ മാർഗ്ഗമില്ലെന്ന് അംഗദാദികൾ തീരുമാനിച്ച് അതിനായി ഒരുങ്ങുകയും ഒപ്പം തങ്ങളുടെയും രാമന്റെയും കഥകൾ തമ്മിൽ പറയുകയും ചെയ്യുന്നു.
ഇതെല്ലാം കേട്ട ഒരു സമ്പാതിയെന്ന കഴുകൻ വാനരന്മാരെ ഭക്ഷണമായിക്കിട്ടിയതിൽ സന്തോഷിച്ചരികിലെത്തുന്നു. വാനരന്മാരുടെ സംഭാഷണമദ്ധ്യേ തന്റെ ഭ്രാതാവായ ജടായുവിനെപ്പറ്റി പരാമർശിക്കപ്പെടുന്നതു കേട്ട സമ്പാതി സന്തുഷ്ടനായി വാനരന്മാരെ സഹായിക്കാൻ തയ്യാറാകുന്നു. സീതയെ രാവണൻ കടത്തിക്കൊണ്ടു പോകുന്നതിനെപ്പറ്റി തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കേട്ട വാനരന്മാർക്ക് ലങ്കയെന്ന രാജ്യത്ത് സീതയുണ്ടെന്ന അറിവ് സന്തോഷമേകുന്നു. അയോദ്ധ്യാധിപതിയായ രാമസേവാർത്ഥം ജീവൻ വെടിഞ്ഞ സഹോദരനായ ജടായുവിനായി സമുദ്രതീരത്ത് അന്ത്യകർമ്മം ചെയ്യുവാൻ വേണ്ടതെല്ലാം സമ്പാതിക്ക് ചെയ്തു കൊടുക്കുവാൻ വാനരന്മാർ തയ്യാറായി. (ചെറുപ്പത്തിന്റെ മദത്തിൽ തന്റെ സഹോദരനായ ജടായുവൊത്ത് സൂര്യനെ ലക്ഷ്യമാക്കിപ്പറന്നതും ഉഗ്രമായ ചൂടിൽ നിന്നും സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്റെ ചിറകു കരിഞ്ഞതും സഹോദരനെ പിരിഞ്ഞതുമായ കഥ സമ്പാതി വാനരന്മാരോട് പറയുന്നു
ദീർഘദർശിയായ നിശാകര മഹർഷി നേരത്തേ ശ്രീരാമകാര്യാർത്ഥമായെത്തുന്ന വാനരന്മാരെ പറ്റി പറഞ്ഞിരുന്നുവെന്നതും സമ്പാതി പറയുന്നുണ്ട്. സീതയിരിക്കുന്ന സ്ഥാനം വാനരന്മാരെ അറിയിക്കുന്നതോടെ നവയൗവ്വനം സമ്പാതിക്ക് തിരികെ ലഭിക്കുമെന്ന അനുഗ്രഹം സാധിതമായതായും കവി പറയുന്നു.)
ഇനി സീതാസ്വഷണത്തിലെ പ്രധാന കടമ്പ നൂറു യോജന വരുന്ന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തുക എന്നതാണ്. ലക്ഷ്യം ബോദ്ധ്യപ്പെട്ടതോടെ നവോന്മേഷം കൈവരിച്ച വാനരന്മാർ കൂടിയാലോചന തുടങ്ങി. അതുല്യ ബലവാന്മാരായ ഓരോരുത്തരും തങ്ങളുടെ വീര്യബല വേഗങ്ങളെപ്പറ്റി സ്വയം വിലയിരുത്തി. പത്തുയോജന ചാടാനാകുന്നവർ ഇരുപതും മുപ്പതും യോജന ചാടാനാകുന്നവർ തുടങ്ങി നൂറു യോജന ചാടാനാകുന്നവർ, തിരികെ ചാടാനാകുമോ എന്നു സംശയിക്കുന്നവർ, പ്രായാധിക്യം കൊണ്ട് പണ്ട് ചാടിയ പോലെ ചാടാനാകില്ലെന്ന് സംശയിക്കുന്നവർ എല്ലാം ഇക്കാര്യത്തിൽ വിഷണ്ണരായി ഇരിക്കുകയാണ്. മാരുതിയാകട്ടെ ഒന്നും പറയാതെ മാറിയിരിക്കുന്നു. കൂട്ടത്തിൽ മുതിർന്ന ജാംബവാൻ മാരുതിയുടെ സമീപം ചെന്ന് ഹനുമാന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുന്നു. വായുദേവന്റെയും അഞ്ജനയുടെയും മകനായി
ജനിച്ചയുടൻ സൂര്യബിംബം കണ്ട് തിന്നാനുള്ള പഴമെന്നു കരുതി ചാടിയ കഥ പറയുന്നു. ചാട്ടം കണ്ട് ദേവേന്ദ്രൻ ചന്ദ്രഹാസം പ്രയോഗിച്ചതും ഹനുവിൽ (താടിയിൽ) ആയുധമേറ്റതിനാൽ ഹനുമാനെന്ന പേരുണ്ടായതുമടക്കം തന്റെ വീര്യബല വേഗങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ മാത്രമാണ് ഹനുമാൻ തന്നെപ്പറ്റി ബോധവാനാകുന്നത്.
ഇന്നത്തെ കാലത്തെ കൗൺസിലിംഗ് പോലെ ഹനുമാനിലെ ഗുണവിശേഷങ്ങളെ ഉണർത്തിയെടുത്തതോടെ തനിക്കുള്ള അഷ്ട സിദ്ധികളെപ്പറ്റിയും മറ്റും ബോധവാനാകുകയും സീതാന്വേഷണത്തിനായി ഹനുമാൻ തയ്യാറാകുകയും ചെയ്യുന്നു. പിന്നീട് നാം കാണുന്നത് ഉഗ്രവീര്യവാനായ മാരുത പുത്രന്റെ ഗംഭീര രൂപമാണ്. സഹവാനര വീരർ പോലും അത്ഭുതപ്പെട്ടു പോകും വിധം മഹേന്ദ്ര പർവ്വതത്തിന്റെ മുകളിൽ നിന്നും ലങ്കയിലേക്കു ചാടാനാെരുങ്ങുന്ന ഹനുമാനെ അവതരിപ്പിച്ചു കൊണ്ട് വാൽമീകി രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം സമാപിപ്പിക്കുന്നു.
ഓരോരുത്തരിലും ഒരു സൂപ്പർമാനുണ്ട്. അതിനെ ഉണർത്തിയാൽ അഭൂതപൂർവ്വമായ കഴിവുകൾ കൈവരുമെന്ന കാര്യമായിരിക്കാം യോഗസിദ്ധി നേടിയ ഹനുമാൻ എന്ന വാനരന്റെ കഥയിലൂടെ ലോകത്തോട് പറയുന്നത്. ലക്ഷ്യബോധമുള്ളവർ, അവർ ആരായാലും, അതു നേടുമെന്ന കാര്യം ഉറപ്പാണ്. തീവ്രമായി ആഗഹിക്കുന്നതെന്നും നടത്തിത്തുവാൻ പ്രകൃതിയിൽ ചില ശക്തികൾക്കാവും. ആഗ്രഹിച്ച കാര്യം നടന്നു കഴിയുമ്പോൾ നമുക്കത് യാദൃശ്ചികമാണെന്നു തോന്നും. (പാശ്ചാത്യ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന ഗ്രന്ഥത്തിലും സമാനമായ കാര്യങ്ങൾ വായിക്കാനാവും) ഈ കാര്യങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്ന് മന:ശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്.
സുന്ദരകാണ്ഡത്തിന്റെ വിശേഷങ്ങളുമായി തുടരുന്നതാണ്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
ഫോട്ടോ കടപ്പാട് – ഫേസ്‌ബുക്ക്
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments