മലപ്പുറം: ഡോക്ടറുടെയോ ആരോഗ്യ സംവിധാനങ്ങളുടെയോ സേവനം തേടാതെ മലപ്പുറത്ത് വീട്ടിൽ തന്നെ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. 2023 ഏപ്രിൽ- ജൂലൈ വരെയുള്ള കാലേയളവിൽ 88 പേരാണ് വീട്ടിൽ പ്രസവിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്ത കാലങ്ങളിലായി വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നു. ഈ പ്രവണത ഏറിവരുകയാണെന്ന് അധികൃതർ അറിയിക്കുന്നു. 267 വീട്ടുപ്രസവങ്ങളാണ് 2022-23 വർഷത്തിൽ ജില്ലയിൽ നടന്നത്. 199 കേസുകളാണ് 2019-20 വർഷത്തിൽ റിപ്പോർട്ട് ചെയ്തത്. 2020-‘21ൽ 257 കേസും 2021 – 22ൽ 273 കേസുമാണ് ഔദ്യോഗികമായി സ്ഥരീകരിച്ചത്. എന്നാൽ പുറത്ത് വരാത്ത സംഭവങ്ങൾ ഇതിലധികമുണ്ടെന്നാണ് സൂചന. ഭർത്താവോ വീട്ടിലുള്ളവരോ ബ്ലേഡ് കൊണ്ട് പൊക്കിൾകൊടി വേർപെടുത്തിയ സംഭവം വരെ ജില്ലയിൽ ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിക്കുന്നു. സമൂഹത്തിൽ ഉന്നത പദവി വഹിക്കുന്ന കുടുംബങ്ങളിലാണ് ഈ പ്രവണത കൂടുതൽ ഉള്ളത്.
വീടുകളിൽ പ്രസവിക്കുന്നത് അതിസാഹസികമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കാൻ ഇത് ഇടയാക്കും. ഇത് പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ പറഞ്ഞു. പ്രസവശേഷം മറുപിള്ള മുഴുവൻ പോയിട്ടില്ലെങ്കിൽ രക്തസ്രാവമുണ്ടാവും. അത് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അപകടകരമാണ്. അഥവാ രക്തം ആവശ്യമുണ്ടെങ്കിൽ അത് നൽകാനും സാധിക്കില്ല. ഭാരം കൂടുതലുള്കുള കുഞ്ഞാണെങ്കിൽ സാധാരണ പ്രസവത്തിന് തീരെ സാധ്യതയില്ല. കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ അണുബാധക്കുള്ള സാധ്യതയുമുണ്ട്. പുറത്ത് വന്ന ഉടൻ ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Comments