ന്യൂഡൽഹി: ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. തദ്ദേശീയമായി നിർമ്മിക്കുന്ന ഡ്രോണുകളിൽ ചൈനയുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടി. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിലവിൽ എല്ലാ പ്രതിരോധ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായാണ് നിർമ്മിക്കുന്നത്. എന്നാൽ ഇവയ്‌ക്ക് വേണ്ടുന്ന ഭാഗങ്ങൾ ചൈന അടക്കമുള്ള അയൽരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ, രാജ്യസുരക്ഷയെ മുൻനിർത്തി ചൈനയിൽ നിന്നുമുള്ള ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിരവധി ശ്രമങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനുള്ള മറുപടിയെന്നോണമാണ് പ്രതിരോധമേഖലയിലെ ശാക്തീകരണം. അതിർത്തികൾ സുരക്ഷിതമാണ്. ഏത് സുരക്ഷാ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജമാണ്. എന്നാൽ ചൈനയുമായി നയതന്ത്രത്തിന് സമയമെടുക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയുമായുള്ള നയതന്ത്ര ചർച്ചയ്‌ക്കൊടുവിൽ പറഞ്ഞിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തിൽ നിലവിലെ നീക്കങ്ങൾ രാജ്യത്തിന്റെ നിലപാട് കൃത്യമായി പറയുന്നതാണ്.
ഡ്രോണുകളെയും ലോംഗ് എൻഡ്യൂറൻസ് സിസ്റ്റത്തെയും ആശ്രയിച്ചുളള സൈനിക നവീകരണ പ്രവർത്തനങ്ങളാണ് ഇന്ത്യ നടത്തുന്നത്. പ്രതിരോധ മേഖലയിലെ തദ്ദേശീയ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡ്രോണുകളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ, ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ എന്നിവയിലെ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഉണ്ടായിരിക്കുന്നത്. ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയർ പ്രതിരോധമേഖലയിൽ വെല്ലുവിളി ഉയർത്തുമെന്നുള്ളതാണ് ഇതിന് പിന്നിലെ കാരണം.
ടെണ്ടറിൽ പങ്കെടുക്കുന്നവർ ചൈനയിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങളോ ഭാഗങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് സൈനിക മേധാവികൾ നിർദ്ദേശം നൽകിയിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ ഡ്രോണുകളുടെ ടെണ്ടർ നടപടികളിലാണ് നിർദ്ദേശമുള്ളത്. സുരക്ഷാകാരണങ്ങളെ മുൻനിർത്തിയാണ് തീരുമാനം എന്നും ഇത്തരത്തിലുളള ഉപകരണങ്ങൾക്കോ ഭാഗങ്ങൾക്കോ സൈന്യത്തിന്റെ നിർണായക വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കുമെന്നും സൈനിക മേധാവികൾ വ്യക്തമാക്കി.
Comments