പത്തനംതിട്ട: ബിജെപി പ്രവർത്തകരെ വീടുകേറി ആക്രമിച്ച് സിപിഎം പ്രവർത്തകർ. പത്തനംതിട്ട അടൂരിലാണ് സംഭവം. ഏറത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നാണ് സിപിഎം പ്രവർത്തകരുടെ അക്രമം.അനന്തു, അയ്യപ്പൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജനകീയ പിന്തുണ വ്യക്തമാക്കും വിധമായിരുന്നു സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട്. ഇതിൽ പ്രകോപിതരായാണ് സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പിൽ വ്യാപക കള്ള വോട്ട് നടന്നതായി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും, വകവരുത്താൻ ശ്രമിക്കുകയും ചെയ്തത്.
രാത്രിയിൽ ബദാമുക്ക് സ്വദേശി അനന്തുവിനെ ആറോളം പേർ വടിവാളുമായിയെത്തി വീട്ടുകാരുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു. സംഘം കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് വീടിന്റെ ജനാലകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. അനന്തുവിന്റെ സുഹൃത്തും നിലമേൽ ശാഖ സ്വയംസേവകനുമായ അയ്യപ്പനെ വടിവാളുമായി തലയ്‌ക്ക് വെട്ടുകയും ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ വെള്ളക്കുളങ്ങര ഭാഗത്ത് വെച്ച് വാഹനം തടഞ്ഞുനിർത്തി കമ്പി കൊണ്ട് കാൽമുട്ടിന് അടിക്കുകയും ചെയ്തു.
സംഘപരിവാർ പ്രവർത്തകർക്കെതിരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് ചിറ്റാണിമുക്ക് ജംഗ്ഷനിൽ നിന്നും അന്തിച്ചിറയിലേക്ക് സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
Comments