സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ഹരിശ്രീ അശോകൻ. സ്നേഹത്തിന്റെ ഹിറ്റ് മേക്കറായിരുന്നു അദ്ദേഹമെന്നും ഒരുപാട് സ്നേഹിക്കാൻ അറിയാവുന്ന നല്ലൊരു വ്യക്തിയാണ് നമ്മെ വിട്ട് പോയിരിക്കുന്നതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
‘സിദ്ദിഖ് എന്ന മനുഷ്യനെ പോലെ വെറേയൊരാളെ ഞാൻ കണ്ടിട്ടില്ല. അത്രയ്ക്കും വ്യത്യസ്ത സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അറിവുള്ള തികഞ്ഞൊരു കലകാനെയാണ് സിനിമാ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച നിമിഷം മുതൽ പ്രാർത്ഥനയിൽ മുഴുവൻ അദ്ദേഹത്തിന് ഒന്നും സംഭവിക്കല്ലെ എന്നു മാത്രമായിരുന്നു. വർഷങ്ങളോളം സിദ്ദിഖായിരുന്നു എന്റെ ഉപദേശി. അദ്ദേഹം പറയുന്നത് പോലെ ചെയ്താലും പ്രവർത്തിച്ചാലും അതിലൊരിക്കലും തെറ്റുണ്ടാകില്ല. ആരോങ്കിലും സിദ്ദിഖിനെതിരെ മോശമായി പറഞ്ഞാൽ ചിരിച്ചുകൊണ്ട് മാത്രമേ കേൾക്കുകയുള്ളു. സ്നേഹിച്ച് കൊണ്ട് മാത്രമേ മറുപടി പറയുകയുള്ളു’
‘മിമിക്രിയിൽ റോൾ മോഡലായിരുന്നു സിദ്ദിഖ് ലാൽ കൂട്ട്കെട്ട്. അവരെ കണ്ടാണ് ഞാൻ മിമിക്രിയുടെ പാഠങ്ങൾ പഠിച്ച് തുടങ്ങിയത്. സ്റ്റേജിൽ പ്രോഗ്രാം നടക്കുമ്പോൾ സ്റ്റേജിന് പുറകിൽ നിന്ന് അദ്ദേഹം അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ആത്മാർത്ഥയും സ്നേഹവുമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പാഠങ്ങൾ പിന്തുടർന്നാണ് ഞാൻ സിനിമയിലെത്തിയത്’
‘തുടരെ തുടരെ ഹിറ്റ് ഉണ്ടാക്കാമെന്ന് പറഞ്ഞാൽ അത് നിസാര കാര്യമല്ല. കുടുംബത്തിനെ മുഴുവൻ ഒരു ചിറകിന്റെ കീഴിൽ സംരക്ഷിച്ചയാളാണ്. കുടുംബത്തോട് അത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള മനുഷ്യൻ. എല്ലാ ദിവസവും സിദ്ദിഖിന്റെ സഹോദരനെ വിളിച്ച് അന്വേഷിച്ചിരുന്നു. അവസാനമായൊന്ന് കാണാൻ സാധിച്ചില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു സിദ്ദിഖിന്റെ അന്ത്യം. ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ തുടരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. നാളെ രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. തുടർന്ന് മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകുക. വൈകുന്നേരം ആറ് മണിയ്ക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കും.
Comments