റിയാദ്: പഠിക്കാൻ പ്രായമൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് സൗദി വനിത. 110-ാം വയസിലാണ് പഠിക്കണമെന്ന് ആഗ്രവുമായി നൗദ അൽ ഖഹ്താനി സ്‌കൂളിൽ ചേർന്നത്. നട്ടെല്ലിന്റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ സ്‌ക്കൂളിലെത്തിയത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് നൗദയ്‌ക്ക് പഠിക്കാനുള്ള അവസരം ലഭിച്ചത്. സൗദിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ അൽ റഹ്വയിലെ സ്‌കൂളിലാണ് നൗദ അൽ ഖഹ്താനി പഠിക്കാനെത്തിയത്.
മകന്റെ കൈയ്യും പിടിച്ചാണ് നൗദയുടെ സ്‌കൂളിലേക്കുള്ള വരവ്. നാല് മക്കളാണ് ഇവർക്കുള്ളത്. ഈ പ്രായത്തിൽ തന്റെ മാതാവിനന്റെ ആഗ്രഹം സഫലമാക്കി കൊടുക്കുന്നതിന്റെ സന്തോഷത്തിലാണ് നൗദയുടെ മക്കൾ. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണെന്ന് നൗദ പറഞ്ഞു. തന്റെ നല്ല കാലം അക്ഷരം പഠിക്കാതെ കടന്ന് പോയി. അതിലിപ്പോൾ അതിയായ സങ്കടമാണുള്ളത്. താൻ ഈ പ്രായത്തിൽ മുന്നോട്ടുവന്നത് പലർക്കും പ്രചേദനമാകട്ടെ എന്നും അവർ പറഞ്ഞു.
പഠിക്കുന്ന ഓരോ പാഠങ്ങളും താൻ ആസ്വദിക്കുന്നുണ്ടെന്ന് നൗദ സന്തോഷത്തോടെ പറയുന്നു. ഉമ്മയുടെ പഠനത്തെ പൂർണമായും പിന്തുണയ്‌ക്കുകയാണെന്നും അവരുടെ ജീവിതത്തിലെ ഈ തീരുമാനത്തെക്കുറിച്ച് സന്തോഷിക്കുന്നുവെന്ന് മക്കൾ പറഞ്ഞു. ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമാണ്. എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസ് കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതിൽ തനിക്ക് സന്തോഷമാണെന്ന് മകൻ പറഞ്ഞു.
Comments