തിരുവനന്തപുരം: ഓണമുണ്ണാന്‍ സാധാരണക്കാരായ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാവേലി സ്‌റ്റോറുകളെയാണ്. അധികമൊന്നും വാങ്ങാന്‍ പറ്റിയില്ലെങ്കിലും അവര്‍ക്ക് ആവശ്യമുള്ള പലവ്യജ്ഞന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നതായിരുന്നു കാര്യം. എന്നാല്‍ ഇന്ന് ആ കഥമാറി. സബ്‌സിഡി നിരക്കില്‍ അവശ്യ സാധനങ്ങളൊന്നുമില്ലെന്നാണ് വിവരം. ചിങം പുലരാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ഈ സ്ഥിതി.
ഇന്നലെ അടിയന്തര പ്രമേയത്തിനിടെ ഒഴിഞ്ഞ റാക്കുകളെപ്പറ്റിയുള്ള ചോദ്യത്തിന് മന്ത്രി ജി.ആര്‍ അനില്‍ ഉരുണ്ടുകളിക്കുന്നതാണ് നിയമസഭയില്‍ കണ്ടത്. ഓണ വിപണി ഇടപെലിന് ധനവകുപ്പ് ഇതുവരെ പണം നല്‍കിയിട്ടില്ല. പണം നല്‍കാത്തതിനാല്‍ വിതരണക്കാരോട് ഒഴിവ് കഴിവുകള്‍ പറഞ്ഞാണ് സപ്ലൈകോ മുന്നോട്ട് പോകുന്നത്. നെല്ല് സംഭരണത്തിന് 180 കോടിയും വിപണി ഇടപെടലിന് 70 കോടിയുമാണ് ധനവകുപ്പ് അനുവദിച്ചത്. ഈ തുക ട്രഷറിയില്‍ വന്നതല്ലാതെ സപ്‌ളൈകോയുടെ അക്കൗണ്ടില്‍ വന്നിട്ടില്ല. 70 കോടി കിട്ടിയാലും ഓണവിപണിയിലെ ഇടപെടലിന് തികയില്ല.
തിരുവനന്തപുരത്തെ പഴവങ്ങാടിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ 13 സബ്സിഡി ഇനത്തില്‍ ആകെയുള്ളത് മല്ലിയും ചെറുപയറും വെളിച്ചെണ്ണയും മാത്രം. അരി ഒന്നുമില്ല, മുളക്, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, സാമ്പാര്‍പരിപ്പ്, ഉഴുന്നും ഇല്ല.
മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോയിലും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എല്ലാം ഇല്ല. മട്ട ഉള്‍പ്പെടെ ഏഴ് അരി ഇനങ്ങള്‍ ഇന്നലെ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു. വില കുറഞ്ഞ മട്ട അരിയും മുളകും വന്‍പയറും കടലയും അപ്പോഴും ലഭ്യമായില്ല.
കൊല്ലം പട്ടണത്തിലെ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി അരി പോലും ഇല്ല. മട്ട,ജയ, കുറുവ, പച്ചരി എല്ലാം തീര്‍ന്നു. കടല, തുവരപ്പരിപ്പ്, പയര്‍, വെളിച്ചെണ്ണ എന്നിവ മാത്രമാണുള്ളത്. കൊച്ചിയില സപ്ലൈകോ ആസ്ഥാനത്തിനടുത്തുള്ള ഔട്ട്‌ലെറ്റില്‍ വെളിച്ചെണ്ണ, ഉഴുന്ന്, ജയ അരി എന്നിവ മാത്രം. ബാക്കി പത്തും ഇല്ല. സബ്‌സിഡി ചെറുപയര്‍ ഉള്‍പ്പെടെയുള്ളവ സബ്‌സിഡി ഇതര ഇനമായി വില്‍ക്കുന്നുണ്ട്.
















Comments