സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചന്ദ്രയാൻ-3; ഇനി രണ്ട് ചുവടുകൾ കൂടി; ഓഗസ്റ്റ് 14-ന് മൂന്നാം ഘട്ട ഭ്രമണപഥ താഴ്‌ത്തൽ; നിർണായകം

Published by
Janam Web Desk

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ഇനി രണ്ട് നിർണായക ഘട്ടങ്ങൾ കൂടി. ഈ മാസം 14-ന് മൂന്നാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നടക്കും. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30-നും ഇടയിലാണ് അടുത്ത ഭ്രമണപഥം താഴ്‌ത്തൽ നടക്കുന്നത്. തിങ്കളാഴ്ചയ്‌ക്ക് പുറമേ ഓഗസ്റ്റ് 16- ബൂധനാഴ്ചയും ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ നടത്തും. ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ ഇന്നലെ വ്യക്തമാക്കി. ചന്ദ്രോപരിതലത്തോട് പേടകം കൂടുതൽ അടുത്തുവെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-3യുടെ ഭ്രമണപഥം 14,000 കിലോമീറ്ററിൽ നിന്ന് 4,313 കിലോമീറ്ററായി തിങ്കളാഴ്ച താഴ്‌ത്തിയിരുന്നു. ഓഗസ്റ്റ് 14, 16 തീയതികളിലായി നടക്കുന്ന നിർണായക ഘട്ടങ്ങൾ കൂടി ലക്ഷ്യത്തിലെത്തുന്നതോടെ ചന്ദ്രനും ഉപഗ്രവും തമ്മിലുള്ള അകലം 100 കിലോമീറ്ററാകും. ഇതിന് ശേഷം ഓഗസ്റ്റ് 17-നാകും ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തുക.

ലാൻഡിംഗ് മൊഡ്യൂൾ വേർപെട്ടതിന് ശേഷം ഇതിന് 30 കിലോമീറ്റർ അകലെയായുള്ള ചന്ദ്രന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗ് യാഥാർത്ഥ്യമാക്കുക. 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് അവസാന ലാൻഡിംഗിന് ശ്രമിക്കുമ്പോൾ ലാൻഡറിന്റെ പ്രവേഗം (Velocity) കുറയ്‌ക്കുന്ന പക്രിയയാണ് ഏറ്റവും നിർണായകം. 30 കിലോമീറ്റർ ദൂരത്തെത്തുമ്പോൾ ഉപഗ്രഹം തിരശ്ചീനമായിരിക്കും. ഇതിൽ നിന്ന് ലംബമാക്കുന്നതാണ് വളരെ വെല്ലുവിളി നിറഞ്ഞ ഘട്ടം. ചന്ദ്രയാൻ-2 ഈ ഘട്ടത്തിലായിരുന്നു പ്രശ്നങ്ങൾ നേരിട്ടത്. ഒരുപാട് ഇന്ധനം ഉപയോഗിച്ച് തീർത്തിട്ടില്ലെന്ന് ഈ ഘട്ടത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ദൂരം കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ഇതിന് വേണ്ടി മാത്രമായി പുതിയ മാർഗനിർദേശങ്ങൾ രൂപകൽപ്പന ചെയ്തുവെന്നും അൽഗൊരിതം തയ്യാറാക്കിയതായും
ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത്.

Share
Leave a Comment