തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം അർത്ഥം മനസ്സിലാക്കി ഉറക്കെ വായിച്ചു പഠിച്ചാൽ തന്നെ മലയാളത്തിൽ വിദ്വാനാകാം. അത്ര സുന്ദരമായി അക്ഷരങ്ങളുടക്കിപ്പെറുക്കി വരികൾ മെനയുമ്പോഴും മൂല രാമായണത്തിന്റെ കഥാസന്ദർഭങ്ങളുടെ ചാരുത നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
വാൽമീകിയുടെ ഹനുമാൻ അതിഗംഭീരമായ രൂപത്തോടു കൂടി ആകാശയാത്ര തുടങ്ങുമ്പോൾ ആ യാത്രയുടെ ആഘാതത്താൽ ഭൂമിയിൽ ഉണ്ടായ മാറ്റങ്ങൾ വിശദീകരിക്കുന്നതിലൂടെ ഹനുമാന്റെ മഹത്വം ലോകത്തോട് വിളിച്ചു പറയുക കൂടിയാണ്. ആകാശയാത്രയ്‌ക്കിടയിൽ താഴ്ന്നു പറക്കുന്ന വിമാനത്തിലിരുന്നു കാണും പോലെ സമുദ്രാന്തർഭാഗത്തെ കാഴ്ചകൾ പോലും ഹനുമാൻ കാണുന്നുണ്ടത്രേ.
രഘുവംശജനായ സഗരൻ വളർക്കയാൽ സാഗരമെന്ന പേരു ലഭിച്ച സമുദ്രം രഘുകുല നായകനായ രാമന്റെ കാര്യാർത്ഥം പോകുന്ന മാരുത പുത്രനെ സഹായിക്കാൻ തീരുമാനിക്കുന്നു. തന്റെയുള്ളിൽ സ്ഥിതി ചെയ്യുന്ന മൈനാകം എന്ന പർവ്വതത്തോട് ഹനുമാന് വിശ്രമിക്കുവാനായി ഉയർന്നു വരുവാൻ നിർദ്ദേശം കൊടുത്തുവത്രേ. കനകമയ തുല്യമായ മൈനാക പർവ്വതം സമുദ്രത്തിൽ നിന്ന് ഉയർന്നു വന്ന് മാരുതിയോട് തളർച്ച തീർത്തു പോകുവാൻ ക്ഷണിക്കുന്നു. എന്നാൽ ലക്ഷ്യം സാധിക്കുന്നതിനിടയിൽ വിശ്രമം പാടില്ലെന്ന ലോകതത്വം പറഞ്ഞ് മാരുതി നന്ദിപൂർവ്വം ക്ഷണം നിരസിക്കുന്നു. (ലക്ഷ്യബോധത്തോടെ കുതിക്കുന്ന ഓരോരുത്തരും എങ്ങനെയായിരിക്കണമെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനായിരിക്കണം ആദികവി ഇത്തരം ചില കഥകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.)
ഹനുമാന്റെ ബുദ്ധിയെ പരീക്ഷിക്കുവാൻ നാഗ മാതാവായ സുരസയെ പ്രേരിപ്പിക്കുന്നത് ദേവന്മാരാണത്രേ. ഭീകരരൂപിയായി വഴിമുടക്കിയെത്തുന്ന സുരസയെ പിൻതിരിപ്പിക്കാൻ, രാമകാര്യം സാധിച്ച് തിരികെ വരുമ്പോൾ, അവരുടെ ഭക്ഷണമായി തീരാമെന്ന് ഹനുമാൻ പറയുന്നുണ്ട്. അതു പറ്റില്ലെന്ന് പറയുന്ന ഭീകരരൂപത്തോട് വായ പൊളിക്കാനും തന്നെ വിഴുങ്ങിക്കൊള്ളാൻ സമ്മതിക്കുന്നതോടൊപ്പം തന്റെ ശരീര വലുപ്പം വർദ്ധിപ്പിച്ച് പരസ്പര മത്സരം തന്നെ നടത്തുന്നു. പെട്ടെന്ന് കൃശശരീരിയായി സുരസയുടെ വായിൽക്കയറി തിരികെ ഇറങ്ങിയത്രേ.
ഇതു കൊണ്ടൊന്നും മാർഗ്ഗതടസ്സം തീരുന്നില്ലെന്ന് സിംഹിക എന്ന നിഴൽ പിടിച്ചു നിർത്തിക്കൊല്ലുന്ന രാക്ഷസിയുടെ കഥയിലൂടെ പറയുന്നു. സുരസയോട് കാട്ടിയ അതേ തന്ത്രം പ്രയോഗിച്ച് സിംഹികയുടെ വായിൽ കടന്ന ഹനുമാൻ ഉദരത്തിനുള്ളിൽ പ്രവേശിച്ച് നഖങ്ങൾ കൊണ്ട് മർമ്മം പിളർന്ന് അവരെ വധിച്ചതായി പറയുന്നു.
രാവണന്റെ ലങ്കയിലെത്തിയ ഹനുമാൻ വീണ്ടും രൂപമാറ്റം വരുത്തുന്നു. ചെറുകുരങ്ങനായി മാറി ലങ്കയുടെ ഉള്ളിൽക്കടക്കാൻ മാർഗ്ഗം നോക്കുന്നതിനിടയിൽ പരിസരങ്ങൾ വീക്ഷിച്ച് ഹൃദിസ്ഥമാക്കാനും മടിക്കുന്നില്ല. അതിഗംഭീരമായ കോട്ടകൊത്തളങ്ങളും അതിശക്തരായ രാക്ഷസന്മാരാൽ സംരക്ഷിക്കപ്പെടുന്ന കോട്ട വാതിലുകളും കടക്കുവാൻ ഉപായമെന്തെന്നോർത്തു ചുറ്റി നടക്കുകയാണ്. സ്വർണ്ണവും രത്നങ്ങളും സമൃദ്ധമായുപയാേഗിച്ച് നിർമ്മിച്ചിരിക്കുന്ന ലങ്കയുടെ ഉജ്വലമായ ചിത്രം മാരുതിയിലൂടെ അനുവാചകരിലേക്ക് എത്തിക്കാൻ കവിക്കാകുന്നുണ്ട്. (ഇങ്ങനെയുള്ള കൊട്ടാരത്തെപ്പറ്റി ഭാവനയിൽ കാണാനെങ്കിലും അന്ന് ഒരാളിന് സാധിച്ചിരുന്നുവെന്നതു തന്നെ വലിയ കാര്യമായിട്ടാണ് എനിക്കു തോന്നുന്നത്.)
അധിക സമയം കഴിയും മുമ്പ് ഹനുമാൻ ലങ്കാലക്ഷ്മി എന്ന സുരക്ഷാ ചുമതലയുള്ളയാളിന്റെ കണ്ണിൽപ്പെടുന്നു. അനധികൃതമായി ഉള്ളിൽക്കുന്ന വാനരനെ ചോദ്യം ചെയ്ത ലങ്കാലക്ഷ്മിയോട് ഈ ലങ്കാനഗരിയൊന്നു ചുറ്റിക്കാണാൻ അനുവാദം ചോദിച്ചു. പാസ്പോർട്ടും വിസയുമൊന്നില്ലാതെ അന്യദേശത്തെത്തിയ ഹനുമാന് മറുപടിയായി കിട്ടിയത് ലങ്കാലക്ഷ്മിയുടെ കരുത്തുറ്റ കരങ്ങളിൽ നിന്ന് ശക്തമായ ഒരടിയായിരുന്നു. കോപത്താൽ മുരണ്ടു കൊണ്ട് ഹനുമാനും കൊടുത്തു തിരിച്ചൊരടി. ആ ദേവത മോഹാലസ്യപ്പെട്ടു വീണു പോയത്രേ. രാക്ഷസപക്ഷമാണെങ്കിലും സ്ത്രീയെന്ന പരിഗണനയുള്ളതിനാലാണ് അടിയുടെ ഊക്കു കുറച്ചതും അതുവഴി അവൾ രക്ഷപ്പെട്ടതെന്നും കവി പറയുന്നു.
മോഹാലസ്യം വിട്ടുണർന്ന ലങ്കാലക്ഷ്മി ലങ്കാ നഗരി താൻ തന്നെയാണെന്നും തന്നെ ജയിച്ചതോടെ ലങ്കാ നഗരത്തെ ജയിച്ചതായി കണക്കാക്കാമെന്നും പറയുന്നു. ദുരാത്മാവായ രാവണ രാക്ഷസനും രാക്ഷസ കുലത്തിനും നാശമടുത്തെന്നും ആയതിനാൽ സീതയെ തെരഞ്ഞുകൊള്ളുവാനും ഹനുമാനെ അനുവദിക്കുന്നു. തുടർന്ന് ഇടതുകാൽ വച്ച് രാമദൂതൻ ലങ്കാപുരിയിൽ പ്രവേശിക്കുന്നു. (ശുഭകാര്യങ്ങൾക്ക് വലതുകാൽ വച്ചു കയറുക എന്ന ഭാരത സങ്കല്പത്തിന് വിരുദ്ധമായി ഇടതുകാൽ വച്ച് പ്രവേശിച്ചു എന്ന് പ്രത്യേകം കവി പറയുന്നത് ലങ്കയുടെ നാശത്തെ സൂചിപ്പിക്കാനാകാം.)
സന്ധ്യയോടെയാണ് ലങ്കയിലേക്ക് ഹനുമാന്റെ പ്രവേശനം. ആകാശക്കാഴ്ചകളിൽ ലങ്കയുടെ മനോഹാരിത വർണ്ണിച്ച കവി ലങ്കയുടെ ഉള്ളിലെ ആർഭാടങ്ങളും, രാക്ഷസരുടെ രൂപങ്ങളും, പെരുമാറ്റങ്ങളും, സന്ധ്യാസമയത്തും രമിക്കുന്ന സ്ത്രീ പുരുഷന്മാരേയുമടക്കം വിചിത്രമായ കാഴ്ചകൾ അഞ്ജനാ പുത്രന്റെ വിശദീകരണത്തിലൂടെ മനസ്സിലാക്കിത്തരുന്നു. എന്നാൽ സീതയെ അവിടെയെങ്ങും കാണാനാവാതെ ഉഴറി നടന്നു. നീളെത്തിരഞ്ഞു നടക്കുന്നതിനിടയിൽ ഒരിടത്തു നിന്നും വിഷ്ണു കീർത്തനങ്ങൾ കേട്ടതായി തോന്നി. അടുത്തു ചെന്നപ്പോഴാണ് രാവണ സഹാേദരന്റെ വസതിയാണെന്നറിയുന്നത്. തുടർന്ന് രാവണന്റെ കൊട്ടാരത്തിലുമെത്തി നിരീക്ഷണം നടത്തി. സ്വർണ്ണ രത്നങ്ങളാൽ അലംകൃതമായ ആ മന്ദിരത്തിന്റെയും അവിടെക്കണ്ട പുഷ്പകവിമാനത്തിന്റെയും വിശേഷങ്ങളാൽ സുന്ദരകാണ്ഡം അഞ്ചാം സർഗ്ഗം നിറഞ്ഞിരിക്കുന്നു.
പിന്നീട് രാവണന്റെ അന്ത:പുരത്തിൽ പ്രവേശിച്ച ഹനുമാൻ അവിടെ നിരവധി തരുണീമണികൾ ഉറങ്ങിക്കിടക്കുന്നത് കാണുന്നു. പലരും രാവണനുമായി രതി ലീലകളിലേർപ്പെട്ട് സുഖാലസ്യത്തിലാണെന്നും ചിലർ അർദ്ധനഗ്നകളാണെന്നതുമൊക്കെ വിവരിക്കുന്നുണ്ട്. അവിടെയൊന്നും സീതദേവിയെ കാണാനാകുന്നില്ല.
സീതാദേവിയ്‌ക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ എന്ന് ഹനുമാൻ സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ തന്റെ ശ്രീരാമദേവനുണ്ടാകുന്ന ദു:ഖമോർത്ത് പരിതപിക്കുന്നുമുണ്ട്. ലക്ഷ്യം സാധിക്കാതെ മടങ്ങിച്ചെന്നാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ലങ്കയിൽത്തന്നെ വസിച്ചാലോ എന്നു പോലും ഹനുമാൻ ചിന്തിക്കുന്നതായി കവി പറയുന്നുണ്ട്.
വീണ്ടും തെരച്ചിൽ തുടരുന്ന കപിവരൻ എത്തിച്ചേരുന്നത് അശോക വനിയിലേക്കാണ്. സ്വർണ്ണത്താലും രത്നത്താലും കവചിതമായ ആയിരം കാൽ മണ്ഡപവും മറ്റും അവിടെക്കാണാമെന്നും പറയുന്നു. ചുറ്റുമുള്ള പ്രകൃതിയുടെ വർണ്ണനയും ഭംഗിയായി നടത്തിയിരിക്കുന്നു. ഒരു അശോക മരച്ചുവട്ടിൽ മലിന വസ്ത്രം ധരിച്ച സുന്ദരിയായ ഒരു സ്ത്രീ നിശിചരികളാൽ ചുറ്റപ്പെട്ട് ഇരിക്കുന്നത് അകലെ മരത്തിന്റെ മുകളിലിരുന്ന് കാണുമ്പോൾ അത് സീതാദേവിയായിരിക്കുമെന്ന് ഊഹിക്കുന്നു. ശരീരം കുറച്ചു കൂടി ചെറുതാക്കി ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാടി, കാവൽക്കാരുടെ കണ്ണിൽപ്പെടാതെ, അടുത്തു ചെന്ന് നോക്കുമ്പോൾ അത് സീതാദേവി തന്നെയെന്നുറപ്പിക്കുന്നു. അതിനിടയിൽ രാവണൻ സുന്ദരിമാരായ സ്ത്രീകളോടൊപ്പം വന്ന് സീതയെ വീണ്ടും പ്രലോഭിപ്പിക്കുന്നു. സീതയാകട്ടെ ഒരു ഉണങ്ങിയ പുൽക്കൊടി എടുത്തിട്ട് (രാവണനെ തൃണ സമാനം കണക്കാക്കുന്നതിനായിരിക്കാം) രാമൻ തന്നെത്തേടി വരുമെന്നും രാക്ഷസ വംശം മുടിക്കുമെന്നും നിസ്സംശയം മറുപടി പറയുന്നു. തന്റെ പാതിവ്രത്യാഗ്നിയിൽ നിന്നെ ദഹിപ്പിക്കാൻ തനിക്കാവുമെന്നും എന്നാൽ അതിന് മുതിരുന്നില്ലെന്നും സീത പറയുമ്പോൾ ദൃഡമനസ്ക്കയായ സീതയുടെ മറ്റൊരു മുഖമാണ് നാം കാണുന്നത്. രണ്ടു മാസത്തിനകം സീതയെ തന്റെ വഴിക്കു കൊണ്ടുവരുവാൻ കാവൽക്കാരികളായ നിശാചരികൾക്ക് നിർദ്ദേശം നൽകി രാവണൻ മടങ്ങുന്നു. തുടർന്ന് കാവൽക്കാരുടെ നിരന്തരമായ ബ്രെയ്ൻ വാഷിംഗ് നടക്കുന്നതും ഹനുമാൻ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കേട്ടിരിക്കുന്ന ത്രിജടയെന്ന രാക്ഷസി താൻ കണ്ട ഒരു സ്വപ്നത്തെപ്പറ്റി മറ്റു രാക്ഷസ സ്ത്രീകളോട് പറയുന്നുണ്ട്. അതിൽ രാവണന്റെയും രാക്ഷസ കുലത്തിന്റെയും സർവ്വനാശത്തിന്റെ ലക്ഷണങ്ങളുള്ളതായി പറയുന്നു.
“ഈ പറഞ്ഞത് സത്യമാണെങ്കിൽ നിങ്ങൾക്ക് ഞാൻ അഭയം നൽകും. സർവ്വ അപരാധങ്ങളും മറന്ന് നിങ്ങക്ക് ശരണമേകും.” എന്ന് സീതയും പറഞ്ഞു. ഭയന്ന് പോയ രാക്ഷസ സ്ത്രീകൾ സീതയിൽ നിന്ന് അല്പം അകന്നിരുന്നു.
രാത്രി സമയത്ത് സീതാദേവിയിരിക്കുന്നതിനു മുകളിൽ, ശിംശപാവൃക്ഷത്തിലിരുന്നു കൊണ്ട്, ഹനുമാൻ രാമകഥ പതുക്കെ പറഞ്ഞു തുടങ്ങി. കഥ കേട്ട സീത മുകളിലേക്ക് നോക്കുമ്പോൾ ജ്വലിക്കുന്ന ശരീരത്തോടെ വിലസുന്ന കപിയെക്കാണുന്നു. സാവധാനം ഹനുമാൻ മരത്തിൽ നിന്നും താഴെയിറങ്ങി ദേവിയെ നമസ്ക്കരിച്ച് രാമ സ്തുതി തുടരുന്നു. രാവണ ചേഷ്ടിതമാണോ എന്ന് സംശയിക്കുന്ന ദേവിക്ക് രാമനാമാങ്കിതമായ അംഗുലീയം നൽകി വിശ്വാസം നേടുന്നു. തന്റെ കഥയും ഒപ്പം വാനരപ്പടയുടെ ബല വേഗങ്ങളും ബോദ്ധ്യപ്പെടുത്തുന്നു. വേണമെങ്കിൽ ദേവിയെ തോളിലെടുത്ത് ശ്രീരാമ സവിധത്തിലെത്തിക്കാമെന്നും ഹനുമാൻ പറയുന്നുണ്ട്. ഇത്ര കൃശഗാത്രനായ നീ ഇതെങ്ങനെ സാധിക്കുമെന്ന ചോദ്യത്തിനുത്തരമായി തന്റെ ഗംഭീരമായ തനിസ്വരൂപം കാട്ടിക്കൊടുക്കുവാനും ഹനുമാൻ മടിക്കുന്നില്ല. എന്നാൽ അത് മാമക പ്രാണനാഥ കീർത്തിക്ക് പോരാ എന്നാണ് സീതയുടെ മറുമൊഴി. മാത്രമല്ല സ്വബുദ്ധിയോടു കൂടി ഞാൻ അന്യന്റെ ശരീരം സ്പർശിക്കുകയില്ലെന്നും ദേവി പറയുന്നു. രാവണന്റെ സ്പർശം തന്റെ അനുവാദത്തോടെയല്ലാത്തതിനാൽ അതിൽ താൻ കളങ്കിതയല്ലെന്നും സീതയിലൂടെ കവി സമർത്ഥിക്കുന്നു. (ഇത് ആധുനിക ലോകത്ത് ഇന്ന് സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ പാത്രീഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും നൽകുന്ന ഒരു സന്ദേശം കൂടിയായി കരുതാം. ഏതെങ്കിലും കശ്മലന്മാരാൽ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ദു:ഖിച്ചിരിക്കാനോ ജീവിതം ഒടുക്കാനോ പാടില്ലെന്ന് കവി പറയുകയാണ്.)
ശ്രീരാമസ്വാമിക്ക് വിശ്വാസം വരാനായി തന്റെ ചൂഢാമണിയും അടയാളവാക്കായി ദേവേന്ദ്രപുത്രനായ ജയന്തൻ കാക്കയായി വന്ന് തന്നെ ആക്രമിച്ച് മാറിൽ മുറിവേല്പിച്ചതും അതിന് നേരെ ശ്രീരാമദേവൻ ബ്രഹ്മാസ്ത്രമയച്ചതുമായ കഥയും പറഞ്ഞു കൊടുക്കുന്നു.
സീതാദേവിക്കണ്ടതും അവരുടെ സന്ദേശവും അടയാളവാക്യവും ലഭിച്ചതുമായ കഥകൾ സുന്ദരകാണ്ഡം 17 -)o സർഗ്ഗം വരെക്കൊണ്ട് പറയുമ്പോൾ രാമായണത്തിനെ പാഠ്യവിഷയമാക്കേണ്ടതാണെന്ന ചിന്തയാണ് എനിക്കുണ്ടായത്. ഹനുമാൻ എന്ന ദൂതന്റെ വിജയകഥകളുമായി തുടരാം.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments