സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ആദിത്യ-എൽ1ന്റെ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും ചന്ദ്രനിൽ ജലാംശം കണ്ടെത്തുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയുണ്ടാക്കി ഇന്ത്യ, ജപ്പാൻ ബഹിരാകാശ ഏജൻസികൾ. ചാന്ദ്ര ദൗത്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് സഹകരണം കൂടുതൽ ദൃഢമാക്കാൻ ഇരുരാജ്യങ്ങളും ഒരുങ്ങുകയാണ്. ഐഎസ്ആർഒയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി അഥവാ ജാക്സയുമാണ് പദ്ധതിയിക്കൊരുങ്ങുന്നത്. ഐഎസ്ആർഒ മേധാവി എസ് സോമനാഥും ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഡയറക്ടർ ഡോ. സകു സുനേകയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.
ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾ പര്യവേഷണം ചെയ്യുന്നതിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായ ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷനായിരുന്നു (ലൂപെക്സ്) കൂടിക്കാഴ്ചയിൽ ചർച്ചയിലുണ്ടായിരുന്ന പ്രധാന വിഷയം.
കുറച്ച് വർഷത്തിനുള്ളിൽ ലൂപെക്സ് വിക്ഷേപണ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും. ദൗത്യത്തിൽ ഇന്ത്യയുടെ ഒരു ചാന്ദ്ര ലാൻഡറും ഒരു ജാപ്പനീസ് റോവറും വഹിക്കുന്ന ജാപ്പനീസ് റോക്കറ്റ് ആകും ഉണ്ടാകുക. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിൽ ജലസാന്നിദ്ധ്യം സ്ഥിരീകരിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ലൂപെക്സ് ദൗത്യത്തിന് പുറമേ സാദ്ധ്യമായ എല്ലാ സഹകരണ പദ്ധതികളെയും കുറിച്ച് ചർച്ചകൾ നടത്തി. സൂര്യനെ പഠിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആദിത്യ-എൽ ദൗത്യത്തിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തുക, ചന്ദ്രയാൻ-3 എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.
ആ മാസം അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ വിക്ഷേപണത്തിന് സജ്ജമാകുന്ന ആദിത്യ-എൽ1 ദൗത്യം സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമാണ്.
Comments