അമർനാഥ് യാത്രയിൽ പഹൽഗാം വഴി വരുന്ന യാത്രികരുടെ നീണ്ട നിര എതിർവശത്തെ മലയുടെ താഴെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. (ഞാനും ഈ വഴി മല കയറാനും അവിടുത്തെ കാഴ്ചകൾ നിങ്ങളുമായി പങ്കുവച്ച് ബാൽതാൽ വഴി തിരികെ ഇറങ്ങുവാനുമായിരുന്നു തീരുമാനം. പക്ഷേ പ്രകൃതിയുടെ നിശ്ചയം മറിച്ചായിരുന്നു.)ഞങ്ങളോടൊപ്പം ഈ ഗ്രൂപ്പ് ചേരാനായി ഇരു മലകളുടെയും നടക്കു കൂടി ഒഴുകുന്ന നദി മുറിച്ചു കടക്കുന്നതും അകലെ നിന്നും കാണാം. എന്തായിരിക്കും അമർനാഥ് ഗുഹയുടെ സമീപത്തെ തിരക്കെന്ന് ഞാൻ മനസ്സിലൂഹിച്ചു.
മലയുടെ അടിവാരത്തിൽ എത്തിയതോടെ നിരവധി പ്ലാസ്റ്റിക് കൂടാരങ്ങൾ കാണായി. നിരവധി ഭണ്ഡാരകളും ചെറിയ കടകളുമാണതെന്ന് അടുത്തു ചെന്നപ്പോൾ മനസ്സിലായി. ഇവിടെയെല്ലാം നിരവധി നിരവധി ഇനത്തിലുള്ള ഭക്ഷണം സൗജന്യമായി, ചൂടോടെ വിളമ്പുകയാണ്. കയറിച്ചെല്ലുന്നവരെ നിർബ്ബന്ധിച്ച് കഴിക്കാൻ പ്രേരിപ്പിക്കുകയുമാണ്. കയറിച്ചെല്ലാത്തവർക്കായി ചൂടു പാലും കൊണ്ടാട്ടവും ( തിളച്ച എണ്ണയിലിട്ടാൽ വീർത്തു വരുന്ന സാധനം) മറ്റും ഇഷ്ടം പോലെ നൽകി സൽക്കരിക്കുന്നുമുണ്ട്. ഒരിടത്ത് ഉരുളക്കിഴങ്ങ് മാവിൽ ഗോതമ്പു മാവിൽ മുക്കി വറുത്തെടുക്കുന്ന ബോണ്ട പോലെയാെരു പലഹാരം ഓരോരുത്തർക്കും കൊടുക്കുന്നുണ്ടായിരുന്നു. തീറ്റ പ്രിയന്മാർക്ക് പറ്റിയ കേന്ദ്രങ്ങളാണിതെന്ന് തോന്നുമെങ്കിലും ഹിമാലയ യാത്രകളിൽ വിശപ്പ് ഇല്ലാതാകുന്നതായിട്ടാണ് എന്റെ അനുഭവം. കയ്യിൽ കരുതുന്ന അണ്ടിപ്പരിപ്പു പോലും തിരികെ കൊണ്ടു വന്ന അനുഭവമുണ്ട്.
ഏതാണ്ട് ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുകയാണ്. നിഖിലെന്ന പട്ടാളക്കാരനെ വിളിച്ചിട്ട് കിട്ടുന്നില്ല. മറ്റൊരാളുടെ നമ്പർ കൊടുക്കാൻ നിഖിലിന്റെ വോയ്സ് മെസേജ് വന്നു. ഞാൻ ശ്രീജേഷിന്റെ പോസ്റ്റ് പെയ്ഡ് ബി.എസ്.എൻ.എൽ നമ്പർ അയച്ചു കൊടുത്തു. ഗുഹയ്‌ക്കു സമീപം അസാമാന്യ തിരക്കനുഭവപ്പെട്ടു. ഇനിയും കുറച്ചധികം കോൺക്രീറ്റ് പടികൾ കയറാനുണ്ട്. ബാഗുകൾ, ഷൂ, മൊബൈൽ ഒന്നും കടത്തിവിടില്ല എന്നെനിക്കറിയാം. എന്നാൽ ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭ്യമല്ല. ബാഗുകൾ സൂക്ഷിക്കുന്ന ക്ലോക്ക് റൂം എന്ന സ്ഥലത്തേക്ക് ഞങ്ങൾ ചെന്നു. നൂറു കണക്കിന് ബാഗുകളും, ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു ചെറുപ്പക്കാർ ബാഗ് ഒന്നിന് 100 രൂപ വേണമെന്ന് പറഞ്ഞു. മറ്റു മാർഗ്ഗമൊന്നും കാണാത്തതിനാൽ ചെളിനിറഞ്ഞ അവിടേക്ക് ബാഗുകൾ കൂട്ടിക്കെട്ടി ഏല്പിച്ചു. മൊബൈൽ ബാഗിനുള്ളിൽ വയ്‌ക്കാൻ പറഞ്ഞതും അർദ്ധ മനസ്സോടെ അനുസരിച്ചു ഷൂവും കൂട്ടിക്കെട്ടി ബാഗിനടുത്ത് ഇട്ട ശേഷം ഞങ്ങൾ 3 പേർ യാതൊരു അന്തവുമില്ലാത്ത ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞു കയറും മുമ്പേ ഞങ്ങളിൽ നിന്നും കൂട്ടം പിരിഞ്ഞ ശ്രീജേഷ് കാലിന്റെ വേദന മറന്ന് ഓടിയെത്തി തോളിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. സന്തോഷകരമായ ഒരു കാര്യം പറഞ്ഞു. ഞങ്ങൾക്കായി മഹാദേവൻ അയച്ച ശിവഭൂതഗണങ്ങളിലൊന്ന് നിഖിലിന്റെ രൂപത്തിൽ കാത്തു നില്ക്കുന്നു എന്നാണ് അറിയിച്ചത്.
തുടരും….
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments