‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’; കശ്മീരിൽ തിരംഗയാത്ര സംഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

Published by
Janam Web Desk

ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഷോപ്പിയാനിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. ‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് റാലി നടന്നത്. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും തിരംഗ റാലിയിൽ പങ്കെടുത്തു.

നേരത്തെ, ആർമി, ബിഎസ്എഫ്, സിഎപിഎഫ്, ഇന്റലിജൻസ് ഏജൻസികൾ, സുരക്ഷാ വിഭാഗം, സിവിൽ അഡ്മിനിസ്‌ട്രേഷൻ എന്നിവരുമായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പ്രത്യേക അവലോകനയോഗം നടത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

അതേസമയം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലും ശ്രീനഗറിലെ തിരംഗ യാത്രയുടെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. സിവിൽ അഡ്മിനിസ്ട്രേഷൻ, പോലീസ്, സുരക്ഷാ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.’എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’, ‘ഹർ ഘർ തിരംഗ’ എന്നിവ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളും അദ്ദേഹം ചർച്ച ചെയ്തു. ‘ ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്യുന്നതിലും ഈ അവസരം ആഘോഷിക്കുന്നതിലും അഭിമാനിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാനുള്ള അവസരം കൂടിയാണിതെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

ആഗസ്ത് 13-ന് നടത്തുന്ന വാക്കത്തോണിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള പൗരന്മാർ ഒത്തുചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്കും എല്ലാ ധീരസൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment