ബഹിരാകാശ നിലയത്തിൽ നിന്നും മക്കളുമായി സംവദിച്ച് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. മക്കളുടെ രസകരമായ ചോദ്യങ്ങൾക്ക് വാത്സല്യം നിറഞ്ഞ മറുപടികളാണ് അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ മറുപടികളെല്ലാം തന്നെ സദസ്സിൽ ചിരി പടർത്തിയിരുന്നു. ഉമ്മുൽഖുവൈൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന കോൾ ഫ്രം സ്‌പേസ് എന്ന പരിപാടിയ്‌ക്കിടെയാണ് സംഭവം. സുൽത്താൻ നിയാദിയുടെ മക്കൾ രണ്ടുപേർ പരിപാടിയ്‌ക്കെത്തി പിതാവിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.
ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടത് എന്തെന്നായിരുന്നു ഇളയമകൻ അബ്ദുല്ലയുടെ ചോദ്യം. നീയാണ് ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നായിരുന്നു സുൽത്താൻ നിയാദിയുടെ മറുപടി. ബഹിരാകാശത്ത് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കാര്യം ഗുരുത്വാകർഷണം ഇല്ലാതെ ഇങ്ങനെ പൊങ്ങിക്കിടക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം മറുപടി നൽകുകയായിരുന്നു.
ബഹിരാകാശത്ത് നിന്ന് എത്തുമ്പോൾ എന്ത് കൊണ്ടുവരുമെന്നായിരുന്നു മൂത്ത മകൻ റാശിദ് ഉന്നയിച്ച ചോദ്യം. നമുക്കിടയിലെ രഹസ്യം പരസ്യമായി പറയണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തനിക്കൊപ്പം യാത്രയിലുണ്ടായിരുന്ന സുഹൈൽ എന്ന പാവ ഉൾപ്പെടെ പലതും കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് അദ്ദേഹവുമായി സംസാരിക്കുന്നതിന് വേദിയിലെത്തിയത്.














Comments