നൈജറിൽ നിന്നും ഇന്ത്യക്കാർ എത്രയും വേ​ഗം മടങ്ങിയെത്തണം; ആവശ്യമായ മുൻകരുതലുകളെടുക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Published by
Janam Web Desk

ന്യൂഡൽഹി: നൈജറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ നൈജർ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘നൈജറിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം അവിടം വിടണം. വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം, ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണം’- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

നൈജറിൽ പ്രസിഡന്റിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയിരുന്നു. പ്രസിഡന്റ് ബസൂമിനെ പട്ടാള ഭരണകൂടം തന്നെ ബന്ദിയാക്കിയിരിക്കുകയാണ്. നിലവിൽ ഇദ്ദേഹം ഔദ്യോഗിക വസതിയിൽ പട്ടാളത്തിന്റെ തടങ്കലിലാണ്. 2011 മുതൽ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവർത്തിക്കുന്ന ജനറൽ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി.

നിലവിലത്തെ ഭരണസംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. നൈജറിലെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും സസ്പെൻഡ് ചെയ്തതായും പട്ടാള മേധാവി പറഞ്ഞു. ജനങ്ങൾക്കായി തങ്ങൾ അധികാരം ഏറ്റെടുക്കുകയാണെന്നും രാജ്യത്തിന്റെ അതിർത്തികൾ അടച്ചതായും രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായും വീഡിയോയിലൂടെ കേണൽ-മേജർ അമദൗ അബ്ഡ്രാമനെ അറിയിച്ചിരുന്നു.

 

Share
Leave a Comment