യുദ്ധകാണ്ഡത്തിലെ ചില വർണ്ണനകൾ നമുക്ക് അവിശ്വസനീയമായിത്തോന്നാം. ആയുധധാരികളും രഥത്തിൽ സഞ്ചരിക്കുന്നവരുമായ രാക്ഷസ പ്രമുഖരോട് സാല വൃക്ഷങ്ങൾ പിഴുതെടുത്തും കുന്നുകൾ പറിച്ചെടുത്തും പോരാടുന്ന കപികളെയാണ് നാം കാണുന്നത്.
കഥയിൽ നിന്നു മാറി ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തട്ടെ. രാമായണത്തിലോ മഹാഭാരതത്തിലോ മഹാക്ഷേത്രങ്ങളെപ്പറ്റിയൊന്നും പരാമർശിക്കുന്നില്ല. അതിന്റെ അർത്ഥം അന്ന് (ത്രേതായുഗത്തിലും ദ്വാപര യുഗത്തിലും) ഭാരതത്തിൽ ക്ഷേത്രങ്ങളുണ്ടായിരുന്നില്ലെന്നല്ലേ. എന്നാൽ ചരിത്രാതീതകാലത്തും ചരിത്രമുണ്ടായ കാലത്തും നിർമ്മിക്കപ്പെട്ട വമ്പൻ ക്ഷേത്രങ്ങൾ ലോകാത്ഭുതങ്ങൾക്കും അത്ഭുതമായി നില നിൽക്കുന്നില്ലേ. യന്ത്രസാമഗ്രികൾ ഒന്നും നിലവിലില്ലാതിരുന്ന കാലത്ത് നടത്തിയ അത്തരം നിർമ്മിതികൾ കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുവെന്നു മാത്രമല്ല ശില്പകലയിലും ഭീമാകാരമായ വലിപ്പത്തിലും ഒന്നാം നിരയിലാണ്. പട്ടുകൂറ്റൻ പാറകൾ തുരന്ന് നിർമ്മിച്ച ഗുഹാക്ഷേത്രങ്ങളടക്കം ഈ നിർമ്മിതികൾ ഉണ്ടായ കാലത്ത് മനുഷ്യരുടെ കായിക ശേഷിയും എഞ്ചിനീയറിംഗ് വൈദഗ്‌ദ്ധ്യവും എത്രമാത്രമായിരിക്കണം.
എങ്കിൽ ത്രേതായുഗത്തിൽ ഇതിലും കായിക ശേഷി ഉള്ളവർ ഉണ്ടായിരുന്നിരിക്കാം എന്നു കരുതുന്നതിൽ തെറ്റുണ്ടോ? രാമസേതു പോലെയൊ, ദ്വാപരയുഗത്തിലെ ദ്വാരക പോലെയോ നിർമ്മിതികൾ നടത്താൻ അവർക്കു സാധിച്ചെങ്കിൽ നടേ പറഞ്ഞതിൽ അത്ഭുതം തോന്നേണ്ടതുണ്ടോ?
രാമനുമായോ മറ്റു വാനര ശ്രേഷ്ഠന്മാരുമായോ ആലോചിക്കാതെ സുഗ്രീവനാണ് രാവണന്റെ കോട്ട കടന്ന് ആദ്യ ആക്രമണം നടത്തുന്നത്. രാവണ സന്നിധിയിലെത്തി മിന്നലാക്രമണം നടത്തി രാവണന്റെ രത്ന കിരീടം തട്ടിത്തെറിപ്പിച്ചു കളഞ്ഞു. രണ്ടു പേരും തമ്മിൽ ഉഗ്രമായ പോരാണ് നടന്നത്. ദശാനൻ മായാ യുദ്ധം തുടങ്ങും മുമ്പ് സുഗ്രീവൻ ശ്രീരാമ ശത്രുവിനെ അമ്പരപ്പിച്ചു കൊണ്ട് പിൻ വാങ്ങി. മടങ്ങി വന്ന സുഗ്രീവനെ രാമൻ അഭിനന്ദിച്ചു. എന്നാൽ ആലോചനയില്ലാതെ ഇങ്ങനെ പ്രവർത്തിക്കരുതെന്നും ഉപദേശിച്ചു. സുഗ്രീവനെന്തെങ്കിലും പറ്റിയാൽ രാവണനെയും പുത്രന്മാരെയും സൈന്യസമേതം വധിച്ചിട്ട് വിഭീഷണനെ ലങ്കാധിപതിയാക്കിയ ശേഷം തന്റെ ജീവിതം അവസാനിപ്പിച്ചു കളയുമെന്നാണ് രാമൻ പറയുന്നത്. ഇതു കേട്ടുനിന്ന സുഗ്രീവനും മറ്റുള്ളവരും രാമസ്വാമിയുടെ സ്നേഹമോർത്ത് പുളകിതഗ്രാത്രരായി.
പിന്നീട് അവർ നിലകൊണ്ട സുവേല പർവ്വതത്തിൽ നിന്നും താഴെയിറങ്ങി. പെരുമ്പടയെ നയിച്ചുകൊണ്ട് ഗോപുരം ലക്ഷ്യമാക്കി നീങ്ങി. എല്ലാ ഗോപുരങ്ങളിലും ശക്തമായ കാവലുണ്ടെങ്കിലും വടക്കേ ഗോപുരം രാവണന്റെ നേരിട്ടുള്ള കാവലിലാണ്. അംഗദ കുമാരനെ ദൂതിനായി നിയോഗിച്ചു. ശ്രീരാമസ്വാമിയെ വണങ്ങിയ ശേഷം അംഗദൻ ഭയരഹിതനായി അമാത്യന്മാരുമൊത്തിരിക്കുന്ന രാവണ സന്നിധിയിലെത്തി സീതയെ ശ്രീരാമസ്വാമിക്ക് തിരികെക്കൊടുത്ത് ജീവൻ രക്ഷിക്കാൻ രാവണനോട് പറയുന്നു. ദുർഗ്ഗമങ്ങളായ കോട്ടകൾ കടന്ന് ഒരു വാനരൻ ഉള്ളിൽക്കടന്നതിൽ രാക്ഷസർ വിഭ്രമിച്ചു പോയി. തന്നെ കൊല്ലാൻ ശ്രമിച്ചവരെ കുടഞ്ഞെറിഞ്ഞ് വധിച്ച ശേഷം രാവണനിരുന്ന പള്ളിമേടയുടെ മുകൾഭാഗവും തകർത്ത് രാമചന്ദ്രന്റെ മുമ്പിലെത്തി വണങ്ങി നിന്നു. ഹനുമാൻ, സുഗ്രീവൻ, അംഗദൻ എന്നീ വാനര വീരരുടെ ആക്രമണവും രക്ഷപ്പെടലും രാക്ഷസ കുലത്തിന്റെ മനോവീര്യം തകർത്തു കളഞ്ഞു.
തുടർന്ന് ആർത്തിരമ്പിക്കൊണ്ട് വാനരപ്പട ഗോപുര ദ്വാരത്തിലേക്ക് കുതിച്ചെത്തി. കയ്യിൽക്കരുതിയ കല്ലും മരങ്ങളും പല്ലും നഖവുമായുധമാക്കി ദൃഡ ചിത്തരായി മുന്നേറുന്ന വാനര സൈന്യത്തിന് സ്വാമി ഭക്തിയാണ് കരുത്തേകുന്നത്. ഇരുപക്ഷത്തും നാശം വിതച്ചു കൊണ്ട് ഉഗ്രമായ പോരാട്ടമാരംഭിച്ചു. വെന്നും കൊന്നും യുദ്ധം തുടർന്നു കൊണ്ടിരുന്നു. പതിവിനു വിപരീതമായി, രാക്ഷസന്മാരായതിലാവാം, രാത്രിയിലും യുദ്ധം തുടർന്നതായി പറയുന്നു. അതോടെ ഇന്ദ്രജിത്ത് എന്ന രാവണപുത്രൻ മായാ യുദ്ധത്തിലൂടെ ആയിരക്കണക്കിന് മർക്കടരെ കാലപുരിക്കയച്ചു. ആകാശത്ത് മറഞ്ഞു നിന്ന് യുദ്ധം ചെയ്യുന്ന ആ മായാവിയെ കണ്ടു പിടിച്ചില്ലെങ്കിൽ വാനര സൈന്യത്തിന് നാശം സംഭവിക്കുമെന്ന് മനസ്സിലാക്കിയ ശ്രീരാമൻ അതിനായി ചിലരെ നിയോഗിച്ചു. അവർക്ക് ഒന്നും ചെയ്യാനായില്ലെന്നു മാത്രമല്ല ശ്രീരാമലക്ഷ്മണനാരുടെ നേരേ അസ്ത്രജാലം പൊഴിച്ചു കൊണ്ട് ഇന്ദ്രജിത്ത് ഉഗ്രമായി പോരാടി. കോദണ്ഡമെന്ന തന്റെ വില്ല് ഉയർത്താൻ പോലുമാകാതെ ശ്രീരാമൻ നാഗാസ്ത്ര ബന്ധനത്തിൽ പെട്ട് വീണു പോയി. ദു:ഖസാഗരത്തിലമർന്ന സൗമിത്രിയും നിലംപതിച്ചു. എല്ലാ വാനരന്മാരും ദു:ഖിതരായി. രാമലക്ഷ്മണന്മാരെ വധിച്ചതായി രാവണനെ അറിയിക്കാൻ ഇന്ദ്രജിത്തും പോയി. സന്തോഷവാനായി രാവണൻ മകനെ അഭിനന്ദിച്ചു.
ധർമ്മ പക്ഷത്തിന് ആദ്യം ഗ്ലാനി സംഭവിക്കുമെന്നും അവസാന വിജയം ധർമ്മത്തിനായിരിക്കുമെന്ന് ബാേദ്ധ്യപ്പെടുത്തുവാനുമാകാം നാടകീയമായ രംഗങ്ങൾ കവി ഒരുക്കി വച്ചിരിക്കുന്നത്.
(തുടരും…..)
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments