പലതരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്്. ആ പട്ടികയിലേക്ക് ഒരാളെ കൂടി ചേർക്കാം. 38- കാരിയായ എറിൻ ഹണിക്കട്ടാണ് പുതിയ താരം.
അമേരിക്കൻ വനിതയായ എറിൻ വ്യത്യസ്ത രീതിയിലാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. എറിന്റെ 11.8 ഇഞ്ച് നീളം വരുന്ന താടിയാണ് അവർക്ക് ഗിന്നസ് റെക്കോർഡ് എന്ന സ്വപ്‌ന നേട്ടം സമ്മാനിച്ചത്. ഹോർമോണുകളിൽ വരുന്ന വ്യതിയാനം എറിനിൽ പോളി സൈറ്റിക് ഒവേറിയൻ സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് വഴിവെച്ചിരുന്നു. 13 വയസിലാണ് എറിനിൽ ആദ്യമായി ഈ രോഗം പ്രകടമാവുന്നത്. രോഗത്തിന്റെ ആദ്യ നാളുകളിൽ താടി വളരുമ്പോൾ ഒരു ദിവസം മൂന്ന് തവണയെങ്കിലും അവ വെട്ടി കളയേണ്ടതായി വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം മൂലം എറിന്റെ കാഴ്ച ശക്തിയ്‌ക്ക് മങ്ങൽ വന്നതോടെയാണ് താടി വെട്ടുന്നത് അവർ നിർത്തുന്നത്. ഇതിനെ പിന്തുണച്ച് എറിന്റെ ജീവിത പങ്കാളി ജെനും രംഗത്തെത്തിയതോടെ അവരുടെ ആത്മവിശ്വാസം പടിപടിയായി ഉയർന്നു. 2023 ഫെബ്രുവരി 8 ന്, 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ഹണികട്ട് ഔദ്യോഗികമായി തകർത്താണ് ഈ സുവർണ നേട്ടം കരസ്ഥമാക്കുന്നത്. ഇതിനിടയിൽ ബാക്ടീരിയ അണുബാധയെ തുടർന്ന്് എറിന്റെ ഒരു കാലിന്റെ പകുതിയോളം ഭാഗം മുറിച്ചുകളയേണ്ടതായും വന്നു.
ഈ വെല്ലുവിളികൾക്കിടയിലും, ഹണികട്ട് ജീവിതത്തെ പ്രത്യാശയോടെ നോക്കി കാണുകയാണ്. പ്രതീക്ഷകൾ രോഗശാന്തിക്കായുള്ള മരുന്നാണെന്നാണ് എറിൻ ഇപ്പോൾ വിശ്വസിക്കപ്പെടുന്നത്. രോഗാവസ്ഥ ഏതാണെങ്കിലും തനിക്ക് ലോക റെക്കോർഡ് നേടി തന്ന താടിയെ തന്റെ ശക്തിയുടെ പ്രതീകമായിട്ടാണ് എറിൻ ഇപ്പോൾ നോക്കി കാണുന്നത്.
Comments