ഡൽഹി: ചൈനയുടെ പണം വാങ്ങി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സ്(മുമ്പ് ട്വിറ്റർ). എക്സ് നിയമങ്ങൾ ലംഘിച്ചതിലാണ് അക്കൗണ്ടുകൾ നീക്കം ചെയ്തത്. ഇന്ത്യയിൽ ചൈനീസ് പ്രചരണം നടത്താൻ ചൈനയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്നും ന്യൂസ്ക്ലിക്കിന് പണം ലഭിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിന് വിദേശ സ്രോതസ്സുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്ന് ഇഡിയും കണ്ടെത്തിയിരുന്നു.
ഇ.ഡി നൽകിയ ഹർജിയിൽ ന്യൂസ് ക്ലിക്ക് പോർട്ടലിന് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനത്തിന് ചൈന സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ കണ്ടെത്തൽ. ഇന്ത്യക്കെതിരായി നടന്ന ഗൂഢാലോചനയും ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ന്യൂസ് ക്ലിക്കിനെതിരെ രാഷ്ട്രപതിക്ക് നിവേദനവും നൽകിയിരുന്നു. സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുളള ഇടത് നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി പണം ലഭിച്ചെന്ന റിപ്പോർട്ടുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ന്യൂസ് ക്ലിക്കിന് എക്സ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ചൈയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്നതിൽ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെയും തുറന്നടിച്ചിരുന്നു. അമേരിക്കൻ ടെക് മോഗൽ നെവിൽ റോയ് സിംഗവുമായി ഇമെയിൽ വഴി പ്രകാശ് കാരാട്ട് നിരവധി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരങ്ങൾ, ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കുമുള്ള നിയന്ത്രണങ്ങൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ സിപിഎം വിജയം എന്നിങ്ങനെ ഇന്ത്യയിൽ നടക്കുന്നതെല്ലാം പ്രകാശ് കാരാട്ട് പങ്കുവെച്ചിരുന്നു.
ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഫ്ലാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 സപ്തംബറിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ വസതിയിൽ നിന്നും സുപ്രധാന രേഖകളാണ് ഇഡി കണ്ടെടുത്തത്. 2018–2021 വരെയുള്ള കാലയളവിൽ ജസ്റ്റിസ് ആൻഡ് എജ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 76.84 കോടി രൂപയും ദി ട്രൈകോണ്ടിനെന്റൽ ലിമിറ്റഡിൽ നിന്ന് 1.61 കോടി രൂപയും ജിസ്പാൻ എൽഎൽസിയിൽ നിന്ന് 26.98 ലക്ഷം രൂപയും ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് സ്വീകരിച്ചതായി ചോദ്യം ചെയ്യലിൽ ഇഡിയോട് ഓഹരിയുടമയും സമ്മതിച്ചിരുന്നു.
Comments