ഇന്ത്യയൊട്ടുക്കെ തരംഗം തീർക്കുകയാണ് രജനികാന്ത് ചിത്രം ജയിലർ. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റൈൽ കൊണ്ടും മാസ് കൊണ്ടും ആരാധകരിൽ ആവേശം തീർക്കുകയാണ് രജനികാന്ത്. തലൈവർക്കൊപ്പം മലയാളത്തിലെയും കന്നഡയിലെയും താര രാജാക്കന്മാർ കൂടി സ്ക്രീനിൽ വന്നതോടെ തെന്നിന്ത്യ മുഴുവൻ സിനിമ ഓളം സൃഷ്ടിച്ചു. കേരളത്തിൽ പ്രതീക്ഷിച്ചതിലുമപ്പുറമാണ് ജയിലറിന്റെ ബോക്സ്ഓഫീസ് വേട്ട. അതിന് പ്രധാന കാരണം മോഹൻലാൽ എന്ന താരരാജാവ് തന്നെ. സിനിമയിൽ ഗ്യാങ്സ്റ്റർ ആയി എത്തിയ മോഹൻലാൽ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.
മിനിറ്റുകൾ മാത്രമെ സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും സ്റ്റൈൽ കൊണ്ടും സ്വാഗ് കൊണ്ടും തിയറ്റർ താരം ഇളക്കി മറിച്ചു. സ്റ്റൈലിഷ് വിന്റേജ് ലുക്കിലാണ് മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ മാത്യു തരംഗമായി മാറി. മോഹൻലാലിന്റെ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയ്‌ക്ക് തീപിടിച്ചിരുന്നു. എങ്ങും മാത്യു തരംഗം.
ഇപ്പോഴിതാ, ജയിലറിലെ കോസ്റ്റ്യൂം ഇട്ടുള്ള ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ജയിലർ നൂറ് കോടി ക്ലബിൽ ഇടം പിടിച്ചു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ തന്നെയാണ് താരത്തിന്റെ പോസ്റ്റും. ജിഷാദ് ഷംസുദ്ദീനാണ് ജയിലറിലെ മോഹൻലാലിന്റെ ലുക്കിന് പിന്നിൽ. ഇരുവരുമൊത്തുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എണ്‍പതുകളിലെ ഒരു ഡോണ്‍ ലുക്കിലാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

















Comments