പട്‌ന: ഡോക്ടർ നോക്കി നിൽക്കെ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ആംബുലൻസിൽ നിന്നും കണ്ടെത്തി. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ നഴ്‌സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടറും സംഘവും ഒളിവൽ പോയി. കേസുമായി ബന്ധപ്പെട്ട് ഒരു കംപൗണ്ടറെ അറസ്റ്റ് ചെയതയായി പോലീസ് അറിയിച്ചു.
ബീഹാറിലെ ജാൻകി സേവ സദാൻ നേഴ്‌സിംഗ് ഹോമിലെ നഴ്‌സും നാല് വയസുള്ള കുട്ടിയുടെ അമ്മയുമാണ് കൊല്ലപ്പെട്ട യുവതി. യുവതിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ഡോക്ടറായ ജയപ്രകാശ് ദാസിനും ഇയാളുടെ കൂട്ടാളികളായ മറ്റു 5 പേർക്കെതിരെയും പോലീസ് കേസെടുത്തു.
വിധവയായ തന്റെ മകളുടെ ബുദ്ധിമുട്ടുകൾ മുതലെടുത്ത ഡോക്ടർ ജയപ്രകാശും കൂട്ടാളി മന്റോഷ് കുമാറും ഇവരുടെ മേൽനോട്ടത്തിലുള്ള നഴ്‌സിംഗ് ഹോമിൽ ജോലി തരപ്പെടുത്തുകയായിരുന്നെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു. ജോലിക്കു പ്രവേശിച്ച യുവതി തിരിച്ചു വീട്ടിൽ വന്ന ശേഷം ഡോക്ടറും കൂട്ടാളികളും ഉപദ്രവിക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ യുവതിയെ പിന്നീട് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഡോക്ടറും സംഘവും മാപ്പു പറയുകയും തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. മകൾക്ക് കൂടുതൽ ശമ്പളവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പ് നൽകുമെന്നും ഇവർ പറഞ്ഞതായും അമ്മ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 8-നാണ് യുവതി പിന്നീട് ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് യുവതിയെ കാണാതാവുകയായിരുന്നു. മകളുടെ ആരോഗ്യം മോശമായ നിലയിലായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്. യുവതിയുടെ അമ്മ ആശുപത്രിയിൽ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം ആംബുലൻസിൽ നിന്നുമാണ് ലഭിച്ചതെന്നും പറയുന്നു. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments