കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം കേൾവി ശക്തി കുറയുന്നതിലേക്ക് വഴിവെയ്ക്കുമെന്ന് എൻസിആർ റിപ്പോർട്ട്. ആറ് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ളവരിൽ 42.4 ശതമാനവും 13-18 ഇടയിൽ പ്രായമുള്ളവരിൽ 31.1% സംസാര- ശബ്ദ വൈകല്യങ്ങൾ കൂടുതലാണെന്ന് പുതിയ സർവേ വെളിപ്പെടുത്തി. ഇതിന് കാരണം അധിക സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളിലും 13-18 വയസിനിടയിലുള്ള കുട്ടികളിലും ഭാഷാ വൈകല്യങ്ങൾ കൂടുതലായി കാണപ്പെടുന്നു. വ്യത്യസ്ത പ്രായകാർക്കും ശബ്ദ വൈകല്യങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. 19-25 വയസ് പ്രായമുള്ളവരിലും (17%), 13-18 വയസ് പ്രായമുള്ളവരിലും (11.6%) ആണ് ഏറ്റവും ഉയർന്ന തോതിൽ ശബ്ദവൈകല്യങ്ങൾ പ്രകടമായി കാണപ്പെടുന്നത്. 26-60 വയസ്സ് പ്രായമുള്ളവരിൽ (8.7%) വെസ്റ്റിബുലാർ ഡിസോർഡേഴ്സ് കൂടുതൽ പ്രകടമാണ്.
ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷനും ഇന്റർനാഷണൽ പേഷ്യന്റ്സ് യൂണിയനും ചേർന്ന് ആശയവിനിമയ വൈകല്യങ്ങളെക്കുറിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സർവേ നടത്തിവരികയാണ്. സംസാര, കേൾവി മേഖലയിലെ വിദഗ്ധരും വിദ്യാർത്ഥികളും മറ്റ് സന്നദ്ധപ്രവർത്തകരുമാണ് സർവേ നടത്തുന്നത്. ഇതുവരെയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ, ആശയവിനിമയ തകരാർ നേരിടുന്നവർ ഏറ്റവും കൂടുതലുള്ളത് ഡൽഹിയിലും ജമ്മുകശ്മീരിലുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജമ്മുകശ്മീരിൽ 57.6 ശതമാനം സ്ത്രീകൾക്കും 42.4 ശതമാനം പുരുഷന്മാർക്കും ആശയവിനിമയ വൈകല്യമുള്ളതായി കണ്ടെത്തി. ജമ്മുകശ്മീരിൽ 1,257 കുടുംബങ്ങളിലെ 6,000 പേർക്കും ഡൽഹിയിലെ 10,228 കുടുംബങ്ങളിലുള്ള 53,801 പേർക്കും ശബ്ദ-സംസാര വൈകല്യമുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
Comments