മിക്ക വീടുകളിലേയും അടുക്കള ഭരിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരിക്കും പാത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന കരി. വറുത്തതും പൊരിച്ചതും കഴിക്കാൻ ഇഷ്ടമുള്ള തലമുറ പാത്രങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കരികൾ കളയാൻ കഷ്ടപ്പെടാറുണ്ട്. കരിയും എണ്ണമയവും കളയാൻ പിന്നെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് യുദ്ധം തന്നെ ചെയ്യേണ്ടി വരുന്നു. ഒന്നോ രണ്ടോ സ്‌ക്രബറുകൾക്ക് ആ യുദ്ധത്തിൽ കീഴടങ്ങേണ്ടതായും വരും. എന്നാൽ ഇനി ഇത്തരം കാര്യങ്ങളോർത്ത് വറുത്തതും പൊരിച്ചതുമായ പദാർത്ഥങ്ങൾ കഴിക്കാതിരിക്കണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന വിദ്യകൾ പരിചയപ്പെടാം..
എണ്ണ മയമുള്ളതും കരിപിടിച്ചതുമായ പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ കഴുകി കളയാവുന്നതാണ്. ഇതിനായി വേണ്ടത് കുറച്ച് ഐസ് ക്യൂബുകൾ മാത്രമാണ്. മൂന്നോ നാലോ ഐസ് ക്യൂബുകൾ വറുക്കാൻ ഉപയോഗിച്ച പാത്രത്തിൽ ഇട്ടതിന് ശേഷം കുറച്ച് ഡിഷ്‌വാഷ് ലിക്വിഡ് കൂടി ഒഴിച്ച് കൊടുക്കുക. അതിന് ശേഷം നല്ലതു പോലെ പാത്രം ചുറ്റിക്കുക. കുറച്ചു സമയം ഇങ്ങനെ ചെയ്താൽ തന്നെ പാത്രത്തിലെ എണ്ണയും കരിയും ഇളകി പോരുന്നത് കാണാം. പാത്രത്തിലെ എണ്ണമയം മുഴുവൻ ഐസ് ക്യൂബുകളിൽ പറ്റിപിടിച്ചെന്നു കാണുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് പാത്രം സ്‌ക്രബർ ഉപയോഗിച്ച് കഴുകിയാൽ പെട്ടന്ന് വൃത്തിയായി കിട്ടുന്നതായിരിക്കും.
ബേക്കിംഗ് സോഡയും ചെറുനാരങ്ങയുടെ തൊലിയും ഉപയോഗിച്ചും പാത്രങ്ങളിലെ കരി കളയാം. ഇതിനായി കരി പിടിച്ച പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് ഉരച്ചെടുക്കുക. കരി പെട്ടന്ന് ഇളകി പോകുന്നതിന് ഇത് സഹായിക്കുന്നു.
Comments