പ്രീ-സീസണിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുഎഇയിലേക്ക് പറക്കും. പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രീസീസൺ ക്യാമ്പിന് സെപ്റ്റംബർ 5നാണ് തുടക്കമാകുക. യുഎഇ പ്രോ ലീഗ് ക്ലബ്ബുകളുമായി ഈക്കാലയളവിൽ കൊമ്പൻമാർ മൂന്ന് സൗഹൃദ മത്സരങ്ങളും കളിക്കും. കൊച്ചിയിലെ ഒരുമാസത്തെ പ്രീസീസണ് ശേഷമാണ് കൊമ്പൻമാർ ഡ്യൂറൻഡ് കപ്പിനിറങ്ങിയത്. ഡ്യൂറഡ് കപ്പിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പറക്കുക
സെപ്റ്റംബർ ഒൻപതിന് അൽ വാസൽ എഫ്‌സിക്കെതിരെയാണ് സബീൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്‌ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ അഹ്ലിയെയും മഞ്ഞപ്പട നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം. പ്രവാസി മലയാളികൾക്ക് കൊമ്പൻമാരുടെ പോരാട്ടം നേരിട്ട് കാണുന്നതിനും ഇത്് വഴിയൊരുക്കും.
ഫുട്ബോളിന്റെ വളർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്നും കേരള ബ്ലാസ്റ്റേഴ്സുമായുളള സഹകരണത്തിൽ സന്തോഷമുണ്ടെന്നും എച്ച് 16 സ്‌പോർട്‌സ് ചെയർമാൻ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു. ”കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ-സീസണിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത് ഇൻഡോ-അറബ് ഫുട്‌ബോളിന്റെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. മികച്ച ക്ലബ്ബുകൾ, പരിശീലനം, ആഗോള ആരാധകവൃന്ദം എന്നിവ അതിൽ ഉൾപ്പെടുന്നു. ഹല ബ്ലാസ്റ്റേഴ്‌സ് 2023ന് ആശംസകളും നേരുന്നു.’ അദ്ദേഹം പറഞ്ഞു.
















Comments