തൃശൂർ: നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി. കഴിഞ്ഞ വർഷം പുലിക്കളിക്ക് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ലഭിക്കാത്തതിൽ പ്രതിഷേധവുമായാണ് പുലിയിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ഒറ്റപ്പുലി നഗരം ചുറ്റി. വിദേശികളടക്കം കാണാനെത്തുന്ന പുലിക്കളി നിലനിർത്താൻ സർക്കാർ സഹായം ലഭിക്കുന്നില്ലെന്നാണ് ശക്തൻ പുലികളി സംഘത്തിന്റെ പരാതി.
കഴിഞ്ഞ വർഷം നൽകേണ്ട സാമ്പത്തിക സഹായം പോലും ഇതുവരേക്കും വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക ബാധ്യത മൂലം 15-ഓളം പുലിക്കളി സംഘങ്ങളുണ്ടായിരുന്നത് 5 എണ്ണമായി ചുരുങ്ങി. വലിയ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പുലിക്കളി സംഘങ്ങൾ പിൻമാറിയത്. ഈ സാഹചര്യത്തിൽ, നൽകാനുള്ള പണം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ശക്തൻ പുലിക്കളി സംഘം ജില്ലാ ടൂറിസം സെക്രട്ടറിക്ക് നിവേദനം നൽകി.
കോർപ്പറേഷനിലെത്തിയ സംഘം മേയറെയും മറ്റ് ജനപ്രതിനിധികളെയും കണ്ടു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പുലിക്കളിയുടെ അണിയറ പ്രവർത്തനങ്ങൾ അറിയാൻ ശക്തൻ പുലികളി സംഘത്തിന്റെ നേതൃത്വത്തിൽ മെയ്യെഴുത്തും സംഘടിപ്പിച്ചു.
Comments