ഇൻഡോർ; വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ അയൽവാസികള വെടിവച്ചുകൊന്ന് സുരക്ഷാ ജീവനക്കാരൻ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വെടിയേറ്റ മറ്റ് ആറുപേരും ചികിത്സയിലാണ്.
ബാങ്ക് ഓഫ് ബറോഡയിലെ സുരക്ഷാ ജീവനക്കാരനായ രാജ്‌ഗോപാലിനെ പോലീസ് പിടികൂടി. ഇയാളുടെ ഇരട്ടക്കുഴൽ തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വളർത്തു നായയെ തെരുവിലൂടെ നടക്കാൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തർക്കമാണ് അടിപിടിയിലും വെടിവയ്പ്പിലും കലാശിച്ചത്. വെടിവയ്പ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിമൽ, രാഹുൽ എന്നിവരായ അയൽവാസികളാണ് മരിച്ചത്. വൈകിട്ട് വീടിന് സമീപത്ത് വച്ച് രാജ്‌ഗോപാലും യുവാക്കളുമായി തർക്കമുണ്ടായി. ഇതിനിടെ ആളുകൂടി. ഇതോടെ പെട്ടെന്ന് രാജ്‌ഗോപാൽ വീട്ടിലേക്ക് കയറിപ്പോയി തോക്കു മെടുത്ത് ബാൽക്കണിയിലെത്തി. ആദ്യ രണ്ടുതവണ ആകാശത്തേക്ക് വെടിയുതിർത്തതിന് പിന്നാലെ കൂടിനിന്ന ആൾക്കാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
മരിച്ചവരും രാജ്‌ഗോപാലുമായി നേരത്തെ തർക്കങ്ങളും വഴക്കുകളും ഒന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിലാകാം ആക്രമണമെന്നാണ് സൂചനയെന്ന് എഡിസിപി അമരേന്ദർ സിംഗ് പറഞ്ഞു.
Leave a Comment