വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്‌ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്‌ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്. ഏഷ്യാകപ്പ് അടക്കം വരുന്നതിനാല്‍ അവസരം കിട്ടുന്ന ഇന്ത്യന്‍ താരങ്ങള്‍ അനിവാര്യമാണ്.
എന്നാല്‍ മഴ യുവതാരങ്ങളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ടി20 നടക്കുന്ന ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ പകല്‍ 92 ശതമാനവും രാത്രി 98 ശതമാനവും മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
മഴകാരണം പലപ്പോഴും മത്സരങ്ങള്‍ മുടങ്ങുന്നതും തടസപ്പെടുന്നതും പതിവാണ്.മഴയില്ലെങ്കില്‍ മത്സരം രാത്രി 7.30 മുതല്‍ ആരംഭിക്കും.
ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയെ സംബന്ധിച്ച് ഏറെ നാളത്തെ പരിക്കിന് ശേഷം തിരിച്ചുവരല്‍ പരമ്പരയാണിത്. ഇതിനൊപ്പം പ്രസീദ് കൃഷ്ണയും തിരിച്ചുവരവിലാണ്. നായകനായി എത്തുന്ന ബുമ്രയുടെ ഫോമിലാണ് ഇന്ത്യയുടെ ലോകകപ്പ്, ഏഷ്യാകപ്പ് പ്രതീക്ഷകള്‍.
ആദ്യ ടി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആര് കളിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ജിതേഷ് ശര്‍മ്മയ്‌ക്ക് നറുക്കുവീഴുമെന്നാണ് കരുതുന്നത്. വിന്‍ഡീസ് പരമ്പരയില്‍ മോശം പ്രകടനം കാഴ്‌ച്ചവെച്ച സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തിയേക്കും. മത്സരം നടന്നാല്‍ റിങ്കുസിംഗ് ടി20യില്‍ അരങ്ങേറും.
Comments