15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ഓഗസ്റ്റ് 22 മുതൽ 25 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായ മതമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
2019 ന് ശേഷമുള്ള നേരിട്ടുള്ള ആദ്യത്തെ ബ്രിക്‌സ് ഉച്ചകോടിയാണിത്. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഉച്ചകോടി അവസരമാകും. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്സ് – ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ബ്രിക്സ് കൂട്ടായ്മ. അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഓൺലൈനായാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. സന്ദർശന വേളയിൽ, ജോഹന്നാസ്ബർഗിൽ എത്തുന്ന വിവിധ രാഷ്‌ട്രതലവന്‍മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഓഗസ്റ്റ് 25-ന് ഗ്രീസിലേക്ക് തിരിക്കും. പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തുന്നത്. 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ചര്‍ച്ചയാവും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
Comments