ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന അദ്ദേഹം പ്രത്യേക പൂജകളിൽ പങ്കെടുക്കും. ഇതിന് ശേഷം മഹന്ത് ശ്രീ രാമചന്ദ്ര പരംഹൻസ് ദാസ് ജി മഹാരാജിന്റെ സമാധിയിൽ പുഷ്പാർച്ചനയും നടത്തും.
രാമജന്മഭൂമി സന്ദർശിക്കുന്ന മുഖ്യമന്ത്രി രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ക്ഷേത്ര ട്രസ്റ്റ ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്യും. രണ്ട് മണിക്കൂർ അയോദ്ധ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം ലഖ്നൗവിലേക്ക് തിരിക്കും. മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്താൻ ഒരുങ്ങുകയാണ് യോഗി സർക്കാർ. അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് എന്ന പേരിൽ കരകൗശല വസ്തുക്കളുടെ സ്റ്റാൾ സന്ദർശകർക്കായി ഒരുക്കും.
അയോദ്ധ്യ ഹാത്തിൽ പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി പ്രത്യേക സ്റ്റാളുകൾ ഉണ്ടാകുമെന്ന് അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഫ്ളോട്ടിംഗ് റെസ്റ്റോറന്റും ബോട്ട് സർവീസുകളും സരയു നദിയിൽ ഉണ്ടാകും. ഹാത്തിൽ താമസിക്കാനുള്ള സൗകര്യവും സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസകാരിക പരിപാടികൾ, ലേസർ ഷോകൾ, സംഗീത ജലധാരകൾ എന്നിവ അയോദ്ധ്യ ഹാത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.
വരുന്ന ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. സന്ദർശകർക്ക് മികച്ച അനുഭവം നൽകുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 17 കോടി രൂപയിലധികം രൂപയുടെ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്.
Comments