ന്യൂഡൽഹി: കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നിലവിൽ വളരെ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികമായി പൂർണമായും തകർന്നു. പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പെൻഷൻ വാങ്ങുന്ന വലിയൊരു ശതമാനമാളുകൾക്കും അധിക ക്ഷാമബത്ത ലഭിച്ചിട്ടില്ല. ഇതിൽ 70,000 പേർ മരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എങ്ങനെയാണ് ഒരു സംസ്ഥാനത്തിന് ഇതുപോലെ മുന്നോട്ട് പോകാൻ കഴിയുക. ഇത്തരമൊരു സാഹചര്യത്തിലും വായ്പ വാങ്ങിച്ചുകൊണ്ടേയിരിക്കുകയാണ്. ഭാവി തലമുറയ്‌ക്ക് വലിയൊരു ബാധ്യതയായിരിക്കും ഇതുമൂലം ഉണ്ടാകുകയെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.
അതേസമയം, കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ധനമന്ത്രി കെഎൻ ബാലഗോപാൽ, ഇതിന് കാരണം കേന്ദ്രമാണെന്ന് പഴിക്കുകയും ചെയ്തിരുന്നു. ഓണച്ചെലവിന് മാത്രം 19,000 കോടി രൂപ ആവശ്യമാണ്. എന്നാൽ കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല. നേരത്തെ കൈകൾ മാത്രമാണ് കെട്ടിയിട്ടിരുന്നത്. ഇപ്പോൾ വിരലുകൾ കൂടി കെട്ടിയിട്ട അവസ്ഥയാണ്. അതുകൊണ്ട് വായ്പയെടുക്കാൻ കഴിയുന്നില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വിലക്കയറ്റം മൂലം മലയാളികൾ നെട്ടോട്ടമോടുമ്പോൾ കടത്തിൽ മുങ്ങിയ സംസ്ഥാനം വീണ്ടും വായ്പ തേടുന്ന തിരക്കിലാണ്. ഇടതുസർക്കാരിന്റെ ധൂർത്താണ് കേരളത്തിന്റെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് വിമർശനം.
















Comments