ബ്രസീലിയൻ ഫുട്‌ബോൾ ടീമിലേയ്‌ക്ക് നെയ്മർ തിരിച്ചെത്തുന്നു. ബൊളീവിയയ്‌ക്കും പെറുവിനും എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് നെയ്മറെ തിരിച്ചുവിളിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പിന് ശേഷം താരം ദേശീയ ടീമിനായി കളിക്കളത്തിലേക്കെത്തിയിരുന്നില്ല.
നെയ്മർ തന്റെ ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം എഴുതാനുള്ള അവസരത്തിന് അർഹനാണ്, എന്നാൽ ആ അദ്ധ്യായം ഇതുവരെ നെയ്മർ എഴുതിയിട്ടില്ലെന്ന് ഞാൻ കരുതുന്നു- ബ്രസീൽ മാനേജർ ഫെർണാണ്ടോ ദിനിസ് പറഞ്ഞു.
സെപ്തംബർ എട്ടിന് ബെലേമിൽ ബൊളീവിയയെയും നാല് ദിവസത്തിന് ശേഷം ലിമയിൽ വെച്ച് പെറുവിനെയും ബ്രസീൽ നേരിടും. നെയ്മറിനൊപ്പം റയൽ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ടോട്ടൻഹാമിന്റെ റിച്ചാർലിസൺ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി, ആഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ടീമിലുണ്ട്. 2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ മത്സരിക്കും.
ബ്രസീൽ സ്‌ക്വാഡ്:
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്റോ (അത്ലറ്റിക്കോ പരാനൻസ്), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി)
ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), വാൻഡേഴ്‌സൺ (മൊണാക്കോ), കയോ ഹെൻറിക് (മൊണാക്കോ), റെനാൻ ലോഡി (മാർസെയ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), ഇബാനെസ് (അൽ-അഹ്ലി), മാർക്വിനോസ് (പിഎസ്ജി), നിനോ (ഫ്‌ലൂമിനൻസ്)
മിഡ്ഫീൽഡർമാർ: ആന്ദ്രെ (ഫ്‌ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പൽമീറസ്)
ഫോർവേഡുകൾ: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), മാത്യൂസ് കുഞ്ഞ (വോൾവ്‌സ്), നെയ്മർ (അൽ ഹിലാൽ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റയൽ മാഡ്രിഡ്), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വർഷം നീണ്ട കരാർ നെയ്മർ അവസാനിപ്പി്ച്ചിരുന്നു. റൊണാൾഡോയ്‌ക്കും കരീം ബെൻസേമയ്‌ക്കും പിന്നാലെയാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിേലക്ക് നെയ്മറെത്തിയത്. 98.5 മില്യൺ ഡോളറിനാണ് അൽ ഹിലാൽ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
















Comments