രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് നാളെ നടക്കും. ഓഗസ്റ്റ് 20-ന് ഡീബൂസ്റ്റിംഗ് സാദ്ധ്യമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. രാത്രി രണ്ട് മണിക്കാകും ഈ പ്രക്രിയ നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വിക്രം ലാൻഡർ മൊഡ്യൂളിനെ വിജയകരമായി വേർപെടുത്തിയത് ഓഗസ്റ്റ് 17-നായിരുന്നു. ഓഗസ്റ്റ് 23-ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനായി സജ്ജമാകുകയാണ്.
ഇന്നലെയായിരുന്നു ആദ്യഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. വേഗത കുറച്ചുകൊണ്ടുള്ള ഭ്രമണപഥം താഴ്‌ത്തലിനെയാണ് ഡീബൂസ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആദ്യ ഘട്ടം ഇന്നലെ നാല് മണിയോടെ വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ-3യെ സാവധാനം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്.
ലാൻഡറിന്റെ വേഗം കുറച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഉപയോഗിച്ചായിരുന്നു ഈ ഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട ഡീ-ബൂസ്റ്റിംഗ് ഓപ്പറേഷൻ ഓഗസ്റ്റ് 20-ന് അർദ്ധരാത്രിക്ക് ശേഷം നടക്കും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി ഗർത്തത്തിന് അടുത്തായി നാല് കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള ഇടത്ത് ലാൻഡറിനെ ഇറക്കാനാണ് നീക്കം.
Comments