തിരുവനന്തപുരം: ഓണത്തിന് മലയാളികളെ വഴിയാധാരമാക്കിയതിന് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് ധനമന്ത്രി ബാലഗോപാൽ കരുതേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ മാസം ഓണം വരുമെന്ന് ബാലഗോപാലിന് അറിയില്ലായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യുപിഎ സർക്കാർ കൊടുത്തതിനേക്കാൾ അഞ്ചിരട്ടി തുകയാണ് നരേന്ദ്രമോദി സർക്കാർ നികുതിവിഹിതമായും ഗ്രാൻഡായും ഓരോ വർഷവും കേരളത്തിന് നൽകുന്നത്. കണക്കുകൾ കള്ളം പറയില്ല ശ്രീ നികുതിഗോപാൽ. ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി ബാലഗോപാൽ വേറെ പണിയ്ക്ക് പോകുന്നതാണ് നല്ലത്. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. ശമ്പളവും പെൻഷനും ഇതുവരെ കൊടുക്കാനായിട്ടില്ല. സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിന്റെ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്’ അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്ര സർക്കാരിന്റെ തലയിൽ വെച്ച് രക്ഷപ്പെടാനാണ് ഭാവമെങ്കിൽ എല്ലാവരും വിഡ്ഢികളല്ലെന്ന് ഓർമിക്കുന്നത് നന്നായിരിക്കും. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്ര സർക്കാരിനെയാണ് ഇവർ പഴിക്കുന്നത്. കേരളത്തിന് നികുതി വിഹിതം കുറച്ചെന്ന് കാണിച്ച് കേന്ദ്ര ധനമന്ത്രിയെ കാണാൻ എൽഡിഎഫ്, യുഡിഎഫ് സംഘത്തിന് ധൈര്യമുണ്ടോ? ജനങ്ങളെ കഷ്ടപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയിൽ ഫിനാൻസ് മാനേജ്മെന്റ് ഏറ്റവും മോശമായി നിൽക്കുന്ന സംസ്ഥാനം കേരളമാണ്. നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ലഭ്യമായ നികുതി വിഹിതവും ഗ്രാന്റും സർക്കാർ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ വീഴ്ചയ്ക്ക് കേന്ദ്ര സർക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്നത് നെറികേടാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Comments