ന്യൂഡൽഹി: പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് വേണ്ട ശുപാർശകൾ ബാങ്കുകളിലെത്തുകയും അവ നടപ്പിലാക്കുന്നതിന് വേണ്ട വായ്പാ സഹായങ്ങൾ ബാങ്കുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ബാങ്ക് സഹായങ്ങൾ ലഭിച്ച പദ്ധതികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആർബിഐയുടെ റിപ്പോർട്ട് എത്തിയിരിക്കുന്നത്.
2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവുമധികം നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപങ്ങൾ കുറവുള്ളത്. മാത്രവുമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ പദ്ധതികളാണ് വരുന്നതെന്നും ഇതിനാലാണ് നിക്ഷേപങ്ങളുടെ കാര്യത്തിൽ പിന്നോട്ട് പോകുന്നതെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്.
അതേസമയം ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. നിക്ഷേപ പദ്ധതികളുടെ 16.2 ശതമാനവും (43,180 കോടി രൂപ) യുപിയിലാണ്. ഗുജറാത്ത് (14 ശതമാനം), ഒഡീഷ (11.8 ശതമാനം), മഹാരാഷ്‌ട്ര (7.9 ശതമാനം), കർണാടക (7.3 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. 2014-15 വർഷത്തിന് ശേഷം 3,52,624 കോടി രൂപയുടെ റെക്കോർഡ് മൂലധന നിക്ഷേപം ഇന്ത്യയിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതികളിൽ ബാങ്കുകളുടെ സഹായം, സ്വകാര്യ ഫണ്ട് സമാഹരണം, വിദേശ വായ്പകൾ എന്നിവയും ഉൾപ്പെടുന്നു. ആർബിഐ 2022 ഏപ്രിലിൽ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതാണ് പുതിയ നിക്ഷേപങ്ങൾ വർധിക്കാൻ ഇടയായത്.
















Comments