ചെന്നൈ: ശ്രീലങ്കൻ മയക്കുമരുന്ന് സംഘത്തിന്റെ തലവൻ ഇന്ത്യൻ വംശജനായ മുഹമ്മദ് സിദ്ദിഖിയെ ഒമാനിൽ നിന്ന് ഇന്റർപോൾ അധികൃതർ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഇയാളെ പിടി കൂടിയത്. ശ്രീലങ്കയിൽ വൻതോതിൽ മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവൻ മുഹമ്മദ് സിദ്ദിഖി ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാൻ അതിർത്തിയിൽ പിടിയിലായത്. സിദ്ദിഖിയുടെ കൂട്ടാളികളെ ബംഗളൂരുവിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.തുടർന്ന് ഇന്ത്യൻ ഡിഫൻസ് ആൻഡ് ഇന്റലിജൻസ് ഏജൻസികൾ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് മുഹമ്മദ് സിദ്ദിഖി ഒമാനിലുള്ളതായി കണ്ടെത്തിയത്.ഒമാനിൽ അറസ്റ്റിലായ സിദ്ദിഖിയിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ട് കണ്ടുകിട്ടി.
മയക്കുമരുന്ന് കടത്തുകാരായ മഹിസംഗംവെ സഞ്ജീവ, കോഡ അസംഗ എന്നിവർക്കൊപ്പം ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഇയാൾ താമസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ രണ്ടുപേരെയും മുൻപ് അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും മുഹമ്മദ് സിദ്ദിഖി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
2012ൽ മറ്റൊരു ക്രിമിനൽ കേസിൽ സേലത്ത് സിദ്ദിഖ് ജയിൽ ശിക്ഷ അനുഭവിച്ചു വരവേ ഒളിവിൽ പ്പോവുകയായിരുന്നു. അതിനു ശേഷം വിദേശത്തേക്ക് കടന്ന സിദ്ദിഖിനെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും തമിഴ്നാട് പൊലീസ് സജീവമായി തിരച്ചിൽ നടത്തുകയും ചെയ്തു.
നിലവിൽ ഒമാനിൽ അറസ്റ്റിലായ മുഹമ്മദ് സിദ്ദിഖിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യാന്തര തീവ്രവാദ സംഘങ്ങളുമായി മുഹമ്മദ് സിദ്ദിഖി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പാക്കിസ്ഥാനിൽ നിന്ന് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ മുഹമ്മദ് സിദ്ദിഖി സജീവമാണ്. പാക്കിസ്ഥാനിലെ മയക്കുമരുന്ന് കടത്ത് സംഘത്തലവന്റെ സഹോദരിയെ വിവാഹം കഴിച്ച മുഹമ്മദ് സിദ്ദിഖി കടൽ വഴിയുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ശ്രീലങ്ക കൂടാതെ സീയ്ഷെൽസ്, മാലിദ്വീപ് തുടങ്ങിയ ദ്വീപുകളിലേക്ക് മയക്കുമരുന്ന് കടത്താൻ വൻ ശൃംഖല വികസിപ്പിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
പാക്കിസ്ഥാനിൽ നിന്ന് ശ്രീലങ്ക വഴി കടൽമാർഗം ഇന്ത്യയിൽ എത്തിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ യൂണിറ്റ് വർഷങ്ങളായി തുടർച്ചയായി പിടികൂടിയിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലെ മയക്കു മരുന്ന് നീക്കം നിയന്ത്രിക്കുന്ന ഹാജി സലിം എന്ന മയക്കുമരുന്ന് സംഘത്തലവന്റെ ഗ്രൂപ് അയച്ച നിരവധി മയക്കു മരുന്ന് കണ്ടെയ്നറുകൾ ഇന്ത്യൻ അധികൃതർ പിടികൂടിയിരുന്നു. അത് കൂടാതെ
ട്രിച്ചി ക്യാമ്പിലെ 10 ശ്രീലങ്കക്കാരുൾപ്പെടെ 13 പേർ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് നടത്തുന്നതായി കണ്ടെത്തി, അവർക്കെതിരെ കേസെടുക്കുകയും ദേശീയ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.















