വയനാട്: ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെ തുടർന്ന് യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. മാനന്തവാടി മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം. പേരിയ സ്വദേശി ഹാഷിമിനാണ് ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതിനെ തുടർന്ന് കാലിന്റെ ചലന ശേഷി നഷ്ടമായത്. വെരിക്കോസ് ചികിത്സയ്ക്കായി എത്തിയ യുവാവിന്റെ ഞരമ്പ് മാറി മുറിച്ചുവെന്നാണ് ആരോപണം. കാലിന്റെ ചലന ശേഷി നഷ്ടമായതോടെ സർക്കാർ ജോലി നഷ്ടമാകും എന്ന അവസ്ഥയിലാണ് ഹാഷി.
2023 ഫെബ്രുവരി രണ്ടിനാണ് ഹാഷിം ചികിത്സ തേടി ഇവിടെ എത്തുന്നത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നാലെ വേദന കഠിനമായതോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സയിലെ പിഴവാണ് പ്രശ്നകാരണമെന്ന് കണ്ടെത്തിയത്.
തുടർന്നുള്ള 16 ദിവസങ്ങൾ ഐസിയുവിലായിരുന്നു ഹാഷിം. ഇവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെങ്കിലും ചികിത്സകൾ ഫലം കണ്ടില്ല. ഇതിനോടകം തന്നെ നാല് ആശുപത്രികളിലായി പന്ത്രണ്ടോളം ശസ്ത്രക്രിയകൾ നടത്തി. എന്നാൽ ഫലമുണ്ടായില്ലെന്ന് മാത്രമല്ല കാൽമുട്ടിന് താഴേക്ക് ചലനശേഷി ഇല്ലാത്ത അവസ്ഥയിലുമാണ്.
Comments