ഒരു ജീവനക്കാരന്റെ ദീർഘകാല സേവനങ്ങൾക്ക് തൊഴിലുടമ നൽകുന്ന നിശ്ചിത പ്രതിഫലമാണ് ഗ്രാറ്റുവിറ്റി എന്നറിയപ്പെടുന്നത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നത് സംബന്ധിച്ച് പലർക്കും ശരിയായ ധാരണയില്ല. ഇതിന്റെ യോഗ്യതകളെയും മാനദണ്ഡങ്ങളെയും കുറിച്ച് പല തെറ്റിദ്ധാരണകളും ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇടയിൽ സംഭവിക്കാറുണ്ട്. എന്താണ് ഗ്രാറ്റുവിറ്റി എന്ന് മനസിലാക്കുന്നതിനായി ആദ്യം അറിയേണ്ടത് 1972-ലെ ഗ്രാറ്റുവിറ്റി നിയമത്തെക്കുറിച്ചാണ്.
ഒരു കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സേവനം അനുഷ്ഠിച്ച ജീവനക്കാർക്കാണ് സാധാരണയായി ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാൽ ജീവനക്കാരന്റെ ജോലി ചെയ്ത കാലാവാധി 4.8 വർഷത്തിലോ അതിൽ കുറവോ ആണെങ്കിൽ കൂടി ഗ്രാറ്റുവിറ്റി ലഭ്യമാകുന്ന വ്യവസ്ഥ ഈ ആക്ടിലുണ്ട്. 1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് സെക്ഷൻ 4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനം ഗ്രാറ്റുവിറ്റി നൽകേണ്ടതുണ്ട്. ഇത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയായാണ് കണക്കാക്കുന്നത്.
ഗ്രാറ്റുവിറ്റി നിയമത്തിൽ പരാമർശിക്കുന്നതനുസരിച്ച് പേയ്‌മെന്റ് മൂന്ന് വ്യവസ്ഥകളെ ആശ്രയിച്ചാണുള്ളത്.ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരൻ രാജി വെയ്‌ക്കുന്നതിന് മുമ്പ് ഇവിടെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം. മറ്റൊന്ന് കമ്പനി അഞ്ച് ദിവസത്തെ വർക്ക് വീക്ക് ഷെഡ്യൂളാണ് തുടരുന്നതെങ്കിൽ 4 വർഷവും 190 ദിവസവുമുള്ള സേവന കാലയളവിന് ശേഷം ഗ്രാറ്റുവിറ്റി ലഭ്യമാകുന്നതായിരിക്കും. ഇനി കമ്പനി ആറ് ദിവസത്തെ വീക്ക് ഷെഡ്യൂളാണ് പിന്തുടരുന്നത് എങ്കിൽ നാല് വർഷവും 240 ദിവസവും സേവനം പൂർത്തിയാക്കിയിട്ടുണ്ട് എങ്കിൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാവുന്നതാണ്.
ഗ്രാറ്റുവിറ്റി എന്നത് ജോലി രാജി വെയ്‌ക്കുന്നതിന് പുറമേ മറ്റ് ചില സാഹചര്യങ്ങളിലും ലഭ്യമാകും. ജീവനക്കാരന്റെ മരണം, അപകടം, അസുഖം എന്നിവ മൂലം ജോലിക്ക് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം വിരമിക്കൽ എന്നീ സന്ദർഭങ്ങളിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്ത് എടുക്കാനാകും. ഈ സാഹചര്യങ്ങളിൽ അഞ്ച് വർഷം എന്ന പരിധി ബാധകമല്ല. എന്നാൽ ഇന്റേണുകൾ, താത്കാലിക ജീവനക്കാർ എന്നിവർ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് അർഹരല്ല.
Comments