കോഴിക്കോട്: ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നത് എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്ത്യൻ ഭൂപടത്തെ അപമാനിച്ചുകൊണ്ട് എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീഹരിയുടെ പ്രതികരണം. ക്യാമ്പസിനകത്ത് ദേശവിരുദ്ധത പ്രചരിപ്പിക്കുകയെന്നതും വിദ്യാർത്ഥികളിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കുകയെന്നതും എസ്എഫ്‌ഐയുടെ അജണ്ടയാണെന്ന് ശ്രീഹരി പ്രതികരിച്ചു.
കഴിഞ്ഞ കുറേകാലമായി ക്യാമ്പസിനകത്ത് രാജ്യവിരുദ്ധതയും അരാജകത്വവും പ്രചരിപ്പിക്കുകയാണ് എസ്എഫ്‌ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന സംഭവം ഇതിന്റെ തുടർച്ചയായി മാത്രമേ കാണാനാകൂ. പാലക്കാട് വിക്ടോറിയ ക്യാമ്പസിനകത്ത് ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനെന്ന പേരിൽ സമാന രീതിയിൽ തന്നെയായിരുന്നു എസ്എഫ്‌ഐ പോസ്റ്റർ ഉയർത്തിയത്. ദേശീയതയെ അപമാനിക്കുന്ന രീതിയിൽ കേരളവർമ്മ ക്യാമ്പസിനകത്തും എസ്എഫ്‌ഐ ബോർഡ് വച്ചിരുന്നു. ദേശീയ ചിഹ്നങ്ങളെയും ഭാരതമാതാവിനെയും രാജ്യത്തെയും എങ്ങനെ അപമാനിക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എസ്എഫ്‌ഐയെന്നും ശ്രീഹരി ജനംടിവിയോട് പ്രതികരിച്ചു.
Comments