ഓഗസ്റ്റ് 26, അന്താരാഷ്‌ട്ര നായ ദിനമായ ഇന്ന് ഒരു നായയുടെ വീഡിയോ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നാടെങ്ങും ആഗോളതാപനത്താൽ ചുട്ടുപൊള്ളുമ്പോൾ മനുഷ്യരുടെ പക്കൽ നിന്നും കുടിവെള്ളം വാങ്ങി കുടിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങൾ വൈറലാവാറുണ്ട്. അത്തരത്തിൽ ‘ദൈവത്തിന്റെ കരങ്ങൾ’ എന്നതുപോലെ ദാഹിച്ചു വലഞ്ഞ നായയെ വെള്ളം കുടിക്കാൻ സഹായിച്ച സ്ത്രീയാണ് ഇപ്പോൾ സമൂഹ മാദ്ധ്യങ്ങളിൽ നിന്നും കയ്യടി ഏറ്റു വാങ്ങുന്നത്.
വെയിൽ കൊണ്ട് തളർന്ന തെരുവ് നായ ഒരു പൈപ്പിൻ ചുവട്ടിലെത്തി വെള്ളം കിട്ടാനുള്ള വഴികൾ നോക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും വെള്ളം കിട്ടാതെ വരുമ്പോൾ അവൻ ആ പൈപ്പ് നക്കി തുടച്ച് നിൽക്കുകയാണ്. പലരും ആ വഴി കടന്നു പോയെങ്കിലും സഹായ ഹസ്തങ്ങൾ അവനു നേരെ ആരും നീട്ടിയിരുന്നില്ല. പെട്ടന്നാണ് പൈപ്പിൽ നിന്നും വെള്ളം വരുന്നത്. നായയുടെ ദനീയാവസ്ഥ കണ്ട് ഒരു സ്ത്രീ പൈപ്പ് തുറന്നു കൊടുക്കുകയായിരുന്നു.
വെള്ളം വരുന്നത് കണ്ട് നായ ആദ്യം ഒന്ന് സംശയിച്ച് പിന്മാറിയെങ്കിലും പിന്നീട് ദാഹം മാറുന്നത് വരെ വെള്ളം കുടിച്ച ശേഷമാണ് അവൻ നടന്നു നീങ്ങിയത്. നമുക്ക് നിസാരമെന്ന് തോന്നി തള്ളിക്കളയുന്ന പല കാര്യങ്ങളും സഹജീവികൾക്ക് വലിയൊരു കൈത്താങ്ങാകുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് നിരവധി ആളുകളാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
















Comments