കൊൽക്കത്ത: പാകിസ്താനുവേണ്ടി ചാര പ്രവർത്തനം നടത്തിയ യുവാവ് കൊൽക്കത്തയിൽ പിടിയിൽ. ഇയാളുടെ പക്കൽ നിന്ന് തന്ത്രപ്രധാനമായ നിരവധി രേഖകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഹൗറയിലെ ഇയാളുടെ വസതിയിൽ നിന്നാണ് കൊൽക്കത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ നിന്ന് ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, രഹസ്യ ചാറ്റുകൾ എന്നിവയും കണ്ടെത്തി. അന്വേഷണ വിധേയമായി ഇയാളുടെ ഫോൺ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കുറച്ചു കാലമായി ഇയാൾ കൊൽക്കത്തയിലെ ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഡൽഹിയിൽ താമസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽ നിന്ന് സ്ഥലം മാറിയതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഹൗറയിലാണ് ഇയാളുടെ താമസം.
Comments