ന്യൂഡൽഹി: രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ലഡാക്കിലെ ഭൂമി ചൈന കൈയടക്കിയെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ രാഹുൽ കളിക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയമാണെന്ന് തരൂൺ ചൂഗ് പറഞ്ഞു.
രാഹുലിന്റെ പ്രസ്താവന തികച്ചും അസ്ഥാനത്താണെന്നും ദേശവിരുദ്ധമാണെന്നും ചുഗ് കൂട്ടിച്ചേർത്തു. ലഡാക്കിലെ ജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായ ഭയം സൃഷ്ടിച്ച് അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുൽ ചെയ്യുന്നത്. നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ ഒരിഞ്ച് ഭൂമി പോലും ചൈനയിലേക്ക് പോയിട്ടില്ല. അതിർത്തി വിഷയത്തിൽ മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാറുകൾ തന്ത്രപൂർവ്വം മൗനം പാലിക്കുകയാണ് ചെയ്തത്. ആ കാലത്ത് ചൈന ഇന്ത്യൻ പ്രദേശത്ത് അതിക്രമിച്ച് കയറിയെന്നും ചുഗ് ആഞ്ഞടിച്ചു.
രാഹുലിനെ പോലെയുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിലകുറഞ്ഞ രാഷ്‌ട്രീയ ലാഭത്തിനായി ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് നിർഭാഗ്യകരമാണ്. ഡോക്ലാം പ്രതിസന്ധിക്കിടെ ചൈനീസ് നയതന്ത്രജ്ഞരുമായി പ്രഭാതഭക്ഷണം പങ്കിട്ടതിലൂടെ രാഹുലിന്റെ ചൈനയോടുള്ള ‘സോഫ്റ്റ് കോർണർ’ രാജ്യത്തെ ജനങ്ങൾക്ക് വ്യക്തമായതായും തരൂൺ ചൂഗ് കൂട്ടിച്ചേർത്തു.
Comments