തിരുവനന്തപുരം: ചന്ദ്രയാനിൽ നിന്ന് ഡാറ്റകൾ ലഭിക്കുന്നത് ഏറെ താമസമേറിയ നടപടിയാണെന്നും ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂറോളം വേണ്ടി വരുമെന്നും ഇസ്രോ ചെയർമാർ. ചന്ദ്രനെ കാണുന്ന സമയത്ത് മാത്രമേ ഇന്ത്യയിലിരുന്ന് ഡാറ്റകൾ സ്വീകരിക്കാൻ കഴിയൂ. ചന്ദ്രൻ അസ്മതിച്ചു കഴിഞ്ഞാൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ വഴിയാണ് ഡാറ്റകൾ സ്വീകരിക്കുക. ഇവിടെ നിന്നും ഇസ്രോ ആസ്ഥാനത്തേക്ക് ഡാറ്റകൾ കൈമാറാൻ സമയമെടുക്കും. ചന്ദ്രയാനുമായുള്ള ആശയവിനിമയം സങ്കീർണമായ ഒന്നാണെന്നും അതിന് ദൈർഘ്യമെടുക്കുന്ന പ്രക്രിയയാണെന്നും എസ്. സോമനാഥ് വ്യക്തമാക്കി.
നിലവിലെ ചാന്ദ്രപകൽ അവസാനിച്ചാലും ചന്ദ്രയാൻ പ്രവർത്തിച്ചേക്കുമെന്ന സൂചനയും ഇസ്രോ മേധാവി നൽകി. അതിനായുള്ള ബുദ്ധി ചന്ദ്രയാന് നൽകിയിട്ടുണ്ട്. സ്ലീപ്പിംഗ് സർക്യൂട്ട് എന്നാണതിനെ പറയുക. സൂര്യപ്രകാശം വീഴുന്ന 14 ദിവസത്തിന് ശേഷം ലാൻഡറിനെയും റോവറിനെയും ‘ഉറക്കും’. ചന്ദ്രയാന് അകത്ത് നൽകിയിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഭാഗമായി അത് സ്ലീപ്പിംഗ് മോഡിലേക്ക് പോകും. 14 ദിവസത്തെ ഇരുട്ടിന് ശേഷം വീണ്ടും സൂര്യപ്രകാശമെത്തി എല്ലാ ഭാഗങ്ങളും ചൂടായാൽ ചന്ദ്രയാൻ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഓട്ടോമാറ്റിക്കായി സംഭവിച്ചാൽ ഭാഗ്യമാണ്. വീണ്ടുമൊരു 14 ദിവസം കൂടി ചന്ദ്രനിൽ ലഭിക്കും. അതിനുള്ളിൽ എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട്. 14 ദിവസത്തെ ഇരുട്ട് മൂലം കൊടും തണുപ്പിലിരിക്കുമ്പോൾ ബാറ്ററി തകർന്ന് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ഐഎസ്ആർഒ മേധാവി അറിയിച്ചു.
പേരിടൽ ആദ്യമായി നടക്കുന്ന സംഭവമല്ലെന്നും ശിവശക്തി പോയിന്റ് എന്ന നാമകരണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഇതിനോടകം പേരിട്ട നിരവധി സ്ഥലങ്ങൾ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെയും പേരുകൾ അവിടെയുണ്ട്. ഓരോ രാജ്യത്തിനും അതത് ദൗത്യങ്ങളുമായി ബന്ധപ്പെട്ട് പേരിടാവുന്നതാണ്. പരീക്ഷണങ്ങൾ നടത്തിയ ഓരോ സ്ഥലവും നാമകരണം ചെയ്യുന്നത് കാലങ്ങളായി തുടരുന്നതാണ്. അതൊരു സാമ്പ്രദായിക രീതിയാണെന്നും സോമനാഥ് പറഞ്ഞു.
















Comments